42 പന്തിൽ സെഞ്ചുറി; ​തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ

സഞ്ജു സാംസൺ | KCL

തിരുവനന്തപുരം: 42 പന്തിൽ സെഞ്ച്വറി തികച്ച്, തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീ​ഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ സീസണിലെ അതിവേ​ഗ സെഞ്ചുറി തികച്ച് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ്.

16 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ അതിവേ​ഗ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയർത്തിയ 237 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായാണ് ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

ആദ്യ മത്സരങ്ങളിൽ തിളങ്ങാനാവാതിരുന്ന സഞ്ജു ഇക്കുറി ഓപ്പണറായി ഇറങ്ങി വെടിക്കെട്ടിന് തിരികൊളുത്തി. ആദ്യ ഓവർ മുതൽ കൊല്ലം ബൗളർമാരെ സഞ്ജു തകർത്തടിച്ചു. പിന്നീട് പന്തെറിഞ്ഞവരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ​ഗ്രീൻഫീൽഡിൽ പിന്നീട് ബൗണ്ടറുകൾ പറപറന്നു. 16 പന്തിൽ സഞ്ജു അർധസെഞ്ചുറി തികച്ചതോടെ ടീം നാലോവറിൽ 64 റൺസെടുത്തു.

അതിന് ശേഷവും സഞ്ജു ഷോ തുടർന്നു. വിനൂപ് മനോഹരൻ പുറത്തായെങ്കിലും പിന്നീടിറങ്ങിയ മുഹമ്മദ് ഷാനുവുമൊത്ത് സഞ്ജു സ്കോറുയർത്തി. ​ഗ്രീൻഫീൽഡിൽ പിന്നെ അടിമുടി സഞ്ജു ഷോ ആണ് കണ്ടത്. 10 ഓവർ അവസാനിക്കുമ്പോൾ 139 റൺസാണ് കൊച്ചി അടിച്ചെടുത്തത്. ബൗണ്ടറികൾ കൊണ്ട് ​​ഗാലറിയിൽ ആരവം തീർത്ത സഞ്ജു പിന്നാലെ മൂന്നക്കം തൊട്ടു. 42 പന്തിലാണ് സെഞ്ചുറിനേട്ടം. 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ആദ്യം ബാറ്റുചെയ്ത ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. വിഷ്ണു വിനോദിന്റെയും നായകന്‍ സച്ചിന്‍ ബേബിയുടെയും അര്‍ധസെഞ്ചുറികളാണ് കൊല്ലത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിഷ്ണു 41 പന്തില്‍ നിന്ന് 94 റണ്‍സെടുത്തു. മൂന്ന് ഫോറുകളും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സച്ചിന്‍ ബേബിയാകട്ടെ 44 പന്തില്‍ നിന്ന് ആറ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 91 റണ്‍സെടുത്തു.

അഭിഷേക് നായര്‍(8), രാഹുല്‍ ശര്‍മ(0), അഖില്‍ എം.എസ്.(11) എന്നിവര്‍ നിരാശപ്പെടുത്തി. ഷറഫുദ്ദീനും(8) അമല്‍ എജിയും(12) പുറത്താവാതെ നിന്നു. കൊച്ചിക്ക് വേണ്ടി പി.എസ്.ജെറിൻ രണ്ട് വിക്കറ്റും സാലി സാംസൺ, കെ.എം ആസിഫ്, എം ആഷിഖ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു