“എനിക്ക് ഒന്നിന് പുറകെ ഒന്നായി അമ്മ വേഷങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. വലിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന തെലുഗു ചിത്രമായ ‘പെഡ്ഡി’ക്ക് വേണ്ടിയായിരുന്നു അത്. ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ ആ വേഷം ചെയ്തിരുന്നെങ്കിൽ അത് എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഈ ഘട്ടത്തിൽ രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യം എനിക്ക് തോന്നുന്നില്ല. അതുകൊണ്ട്തന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞു. ഭാവിയിൽ അങ്ങനെയൊരു സമയം വന്നാൽ, ഞാൻ അത് പരിഗണിച്ചേക്കാം,” അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടയിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.
പല ഭാഷകളിലെ നിരവധി സിനിമകളുടെ തിരക്കിലാണ് നടി സ്വാസിക വിജയ്. തെലുഗു നടൻ രാം ചരണിന്റെ അമ്മയായി അഭിനയിക്കാനുള്ള അവസരം താൻ അടുത്തിടെ നിരസിച്ചതായി നടി സ്വാസിക വെളിപ്പെടുത്തി. വരാനിരിക്കുന്ന പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമായ ‘പെഡ്ഡി’യിലേക്കായിരുന്നു ഈ അവസരം. തനിക്ക് ധാരാളം അമ്മ വേഷങ്ങൾ വരുന്നുണ്ടെന്നും, എന്നാൽ ഈ ഘട്ടത്തിൽ രാം ചരണിനൊപ്പം അത്തരമൊരു വേഷം ചെയ്യാൻ താൻ തയ്യാറല്ലെന്നും സ്വാസിക വ്യക്തമാക്കി.
2009-ൽ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക പിന്നീട് മലയാള സിനിമയിൽ സജീവമായി. ‘സീത’ എന്ന ഹിറ്റ് ടെലിവിഷൻ പരമ്പരയിലൂടെ കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ‘വാസന്തി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അവർക്ക് ലഭിച്ചു.
അതേസമയം, മലയാള സിനിമയ്ക്ക് പുറത്തും സ്വാസിക സജീവമായി തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ്. കഴിഞ്ഞ വർഷം തമിഴിൽ ഹിറ്റായ ‘ലബ്ബർ പന്ത്’ എന്ന ചിത്രത്തിലൂടെ അവർ ശ്രദ്ധ നേടിയിരുന്നു. അതിൽ നായികയുടെ അമ്മ വേഷം ചെയ്ത സ്വാസികയുടെ പ്രകടനത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചു. സൂര്യ-കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’, സൂരി-ഐശ്വര്യ ലക്ഷ്മി ചിത്രം ‘മാമൻ’ എന്നിവയിലും സ്വാസിക പ്രധാനവേഷം കെെകാര്യം ചെയ്തിരുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘തമ്മുടു’ എന്ന ചിത്രത്തിലൂടെ തെലുഗുവിലും അരങ്ങേറ്റം കുറിച്ചു. തമ്മുഡുവില് സ്വാസിക ചെയ്ത വേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ഒരു ആദിവാസി സ്ത്രീയായിട്ടായിരുന്നു സ്വാസിക വേഷമിട്ടത്. ചുരുട്ടു വലിച്ച് പേടിപ്പിക്കുന്ന വില്ലത്തിയായിട്ടുള്ള സ്വാസികയുടെ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ ‘കറുപ്പി’ലും സ്വാസിക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’യിൽ ജാൻവി കപൂറാണ് രാം ചരണിന്റെ നായിക. ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ. റഹ്മാനാണ്. കന്നഡയിലെ മുതിർന്ന നടൻ ശിവ രാജ്കുമാറും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്.