ബാങ്കോക്ക്: തായ്‍ലൻഡ് പ്രധാനമന്ത്രി പെതോങ്താൻ ഷിനവത്രയ്ക്ക് തിരിച്ചടി. തായ്‍ലൻഡ് ഭരണഘടനാ കോടതി ഷിനവത്രയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. ഷിനവത്ര ധാർമികമൂല്യങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഭരണഘടന പ്രകാരം, പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്നും കോടതി നിരീക്ഷിച്ചു. കംബോഡിയൻ നേതാവ് ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതാണ് പെതോങ്താൻ ഷിനവത്രയ്ക്ക് തിരിച്ചടിയായത്. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഷിനവത്രയുടെ പടിയിറക്കാനുള്ള ഉത്തരവ്.
ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ 39കാരിയായ പെതോങ്താൻ ഷിനവത്രയെ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. ഹുൻ സെന്നിനെ ‘അങ്കിൾ’ എന്ന് അഭിസംബോധന ചെയ്യുന്ന സംഭാഷണത്തിൽ, അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്തോളാമെന്ന് പറയുന്നതും തായ് സൈനിക കമാൻഡറെ വിമർശിക്കുന്നതും ഉണ്ടായിരുന്നു.തായ്‍ലൻഡ് – കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ സംഭാഷണം രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ തൻ്റെ പരാമർശം സംഘർഷം അവസാനിപ്പിക്കാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുമാണെന്ന് ചൂണ്ടിക്കാട്ടി പെതോങ്താൻ ഷിനവത്ര മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ ഫോൺ സംഭാഷണ വിവാദം വൻ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. തുടർന്ന് പ്രധാന സഖ്യകക്ഷി പിന്തുണ പിൻവലിച്ചതോടെ പാർലമെൻ്റിൽ ഷിനവത്രയുടെ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.
പെതോങ്താൻ ഷിനവത്രയുടെ ഫോൺ സംഭാഷണം ചോർന്ന് ആഴ്ചകൾക്കകമാണ് തായ്‍ലൻഡ് – കംബോഡിയ അതിർത്തിയിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അഞ്ച് ദിവസം നീണ്ട സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.