പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് നേതാവ്. ‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖാണ് പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയത്. കുന്നംകുളം സംഭവത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് കൂറ്റനാട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്. പ്രതികളായെ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തി. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്‍റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.