യുഎസിലും യുകെയിലും കര്‍ശനമായ പ്രായപരിധി ഉറപ്പാക്കൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഉപയോക്തൃ ട്രാഫിക്കിൽ വൻ ഇടിവുണ്ടായതായി പോൺഹബ് വ്യക്തമാക്കുന്നു. നിയമം ബാധകമായ മേഖലകളിൽ ട്രാഫിക് 80 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ, പോൺഹബ്ബിന്റെ മാതൃസ്ഥാപനമായ AILO, ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിനും ഗൂഗിളിനും കത്തയച്ച് ആശങ്കകൾ അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളിലെ പ്രായപരിശോധന സംവിധാനം നേരിട്ട് സജ്ജമാക്കുന്നതുപോലുള്ള ബദൽ രീതികൾ പരിഗണിക്കണമെന്ന് കമ്പനിയുടെ നിർദ്ദേശം. നിലവിലുള്ള നിയമങ്ങൾ ഒരു “പാച്ച്‌വർക്ക്” രൂപത്തിലുള്ളതും ഫലപ്രദമല്ലാത്തതുമാണെന്നും അവ ഉപയോക്താക്കളെ സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് കോണുകളിലേക്ക് തള്ളിയിടുന്നതായും AILO ചൂണ്ടിക്കാട്ടുന്നു.
ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും, എന്നാൽ നിലവിലെ സംവിധാനം പ്രായോഗികമല്ലെന്നും AILOയുടെ ചീഫ് ലീഗൽ ഓഫീസർ ആന്റണി പെൻഹേൽ അയച്ച കത്തിൽ വ്യക്തമാക്കിയതായി വയർഡ് റിപ്പോർട്ട് ചെയ്യുന്നു.
സൈറ്റുതലത്തിലുള്ള പ്രായപരിശോധന രീതികൾ അടിസ്ഥാനപരമായി പിഴവുകൾ നിറഞ്ഞതും തിരിച്ചടികൾ സൃഷ്ടിക്കുന്നതുമാണെന്നതാണ് കമ്പനിയുടെ വാദം.
മൂന്നാം കക്ഷി സ്ഥിരീകരണ സംവിധാനങ്ങൾ ഉപയോക്താക്കളിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ കൈമാറാൻ ആവശ്യപ്പെടുന്നതും, ഐഡികളും ബയോമെട്രിക് വിവരങ്ങളും ബാഹ്യ കമ്പനികളിൽ സൂക്ഷിക്കേണ്ടി വരുന്നതും കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് AILO മുന്നറിയിപ്പ് നൽകി. അടുത്തിടെ ഒരു പ്രധാന വേരിഫിക്കേഷൻ സേവനദാതാവിനെതിരായ സൈബർ ആക്രമണം ഇതിന്റെ തെളിവാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
നിയമത്തെ തുടർന്ന് ഉപയോക്താക്കൾ ഓൺലൈൻ ഉപയോഗം കുറച്ചതല്ല, മറിച്ച് നിയന്ത്രണങ്ങളില്ലാത്ത മറ്റ് പ്രായപൂർത്തിയുള്ളവർക്കായുള്ള സൈറ്റുകളിലേക്ക് മാറുകയാണെന്ന് പോൺഹബ്ബിന്റെ ബ്രാൻഡ് ആൻഡ് കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് അലക്‌സ് കെകെസി വ്യക്തമാക്കി. പാശ്ചാത്യ നിയമപരിധിക്ക് പുറത്തുള്ള, അനുസരണ ബാധ്യതകളില്ലാത്ത പ്ലാറ്റ്ഫോമുകളിലേക്കാണ് ഇപ്പോൾ ട്രാഫിക് ഒഴുകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
പ്രശ്നത്തിന് പരിഹാരമായി, ഉപകരണതലത്തിൽ തന്നെ പ്രായം ഒരിക്കൽ സ്ഥിരീകരിച്ച് സുരക്ഷിത API മുഖേന വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും ആ വിവരം കൈമാറുന്ന സംവിധാനം കൊണ്ടുവരണമെന്നാണ് പോൺഹബ്ബിന്റെ നിർദ്ദേശം. ഇതിലൂടെ ഡാറ്റാ സുരക്ഷാ അപകടസാധ്യത കുറയുകയും ഏകീകൃത മാനദണ്ഡം സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നാണ് അവരുടെ അവകാശവാദം.
