ലിസ്ബൺ: പൊതുവിടങ്ങളിൽ ബുർഖ അടക്കം മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ. ലിംഗപരമോ, മതപരമോ ആയ കാരണങ്ങളാൽ പൊതുസ്ഥലത്ത് മുഖംമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനാണ് വിലക്ക്. ഇത്തരത്തിലുള്ള വസ്ത്രധാരണവുമായി എത്തുന്നവരിൽ നിന്ന് വൻതുക പിഴയീടാക്കാനും നിർദ്ദേശിക്കുന്ന നിയമത്തിനാണ് പോർച്ചുഗൽ പാർലമെന്റ് അംഗീകാരം നൽകിയിട്ടുള്ളത്. തീവ്ര വലതുപക്ഷ പാർട്ടിയായ ചെഗയാണ് ഈ ബിൽ പാർലമെന്റിൽ നിർദ്ദേശിച്ചത്. സ്ത്രീകളുടെ തല മുതൽ കാൽ വരെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രമായ ബുർഖയും കണ്ണുകൾക്ക് ചുറ്റും ഇടമുള്ള മുഴുവൻ മുഖവും കാണുന്ന ഇസ്ലാമിക മൂടുപടമായ നിഖാബും പോലുള്ള വസ്ത്രങ്ങൾ മിക്ക പൊതുസ്ഥലങ്ങളിലും ധരിക്കുന്നതിന് നിരോധനം ബാധകമാവും. വിമാനങ്ങളിലും നയതന്ത്ര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും മുഖംമൂടി ധരിക്കുന്നത് അനുവദനീയമായിരിക്കും. പൊതുസ്ഥലങ്ങളിൽ മുഖംമൂടി ധരിക്കുന്നവർക്ക് 4000 യൂറോ (411588 രൂപ) വരെ പിഴ ചുമത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വ്യത്യസ്ത വിശ്വാസമുള്ള വിദേശികളെ ലക്ഷ്യമിട്ടുള്ള നിർദ്ദേശമെന്ന് ഇടതുപക്ഷം
പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്. ബില്ല് വീറ്റോ ചെയ്യാനോ ഭരണഘടനാ കോടതിയും പുനപരിശോധനയ്ക്ക് അയയ്ക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. പോർച്ചുഗൽ പ്രസിഡന്റ് ഈ നിയമത്തിൽ ഒപ്പുവച്ചാൽ ശിരോവസ്ത്രം പൂർണ്ണമായോ ഭാഗികമായോ നിരോധിച്ചിരിക്കുന്ന ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിലേക്ക് പോർച്ചുഗലും എത്തും. പോർച്ചുഗലിൽ മൂടുപടങ്ങൾ ധരിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. എന്നാൽ ഇസ്ലാമിക ശിരോവസ്ത്രങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേത് പോലുള്ള വിവാദങ്ങൾ പോർച്ചുഗലിലും സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ സാധാരണയായി ധരിക്കുന്ന ശിരോവസ്ത്രങ്ങൾ നിരോധിക്കുന്നതിന് ഫ്രാൻസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നൽകിയ ന്യായീകരണങ്ങളാണ് ചെഗയും മുന്നോട്ട് വയ്ക്കുന്നത്. തീവ്രവലതുപക്ഷ പാർട്ടിയായ ചെഗ മുന്നോട്ട് വച്ച ബില്ലിന് മധ്യ വലതു പക്ഷ പാർട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.
പൊതുവിടങ്ങളിൽ മുഖം മറയ്ക്കുന്നത് വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ അപകർഷതാബോധത്തിലേക്കും ഒഴിവാക്കലിന്റെയുമായ സാഹചര്യങ്ങളിലേക്ക് തള്ളി വിടുന്നുവെന്നാണ് ചെഗ പാർട്ടി വിശദമാക്കിയത്. സ്വാതന്ത്ര്യം, സമത്വം, മാനുഷിക അന്തസ്സ് തുടങ്ങിയ തത്വങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും ചെഗ ബില്ലിൽ വിശദമാക്കുന്നത്. ബില്ലിനെ ഇടത് പക്ഷ പാർട്ടികൾ പിന്തുണച്ചില്ല. വ്യത്യസ്ത വിശ്വാസ രീതികൾ പിന്തുടരുന്ന വിദേശികളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്നാണ് ഇടത് പക്ഷ നേതാക്കൾ പ്രതികരിച്ചത്. ഒരു സ്ത്രീയും ശിരോവസ്ത്രം മറ്റാരുടയും നിർബന്ധം മൂലമല്ല ധരിക്കുന്നതെന്നുമാണ് ഇടതുപക്ഷ നേതാക്കൾ വിശദമാക്കിയത്. സ്വീഡൻ ഉപപ്രധാനമന്ത്രി ബുർഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ആഴ്ചയിൽ തന്നെയാണ് പോർച്ചുഗലിന്റെ തീരുമാനം.