നാല് പേർ, 7 മിനിട്ട്! ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത് ത്രില്ലർ സിനിമകളെ വെല്ലുന്ന മോഷണം

Louvre Museum

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ മോഷണം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. വെറും നാല് പേർ 10 മിനിട്ട് മാത്രം സമയം കൊണ്ട്, കൃത്യമായി പറഞ്ഞാൽ വെറും 7 മിനിട്ട് കൊണ്ടാണ് വൻ കവര്‍ച്ച നടത്തിയിരിക്കുന്നത്. സകലമാന സെക്യൂരിറ്റി സംവിധാനങ്ങളെയും നോക്കുകുത്തികളാക്കിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മോഷ്ടിക്കപ്പെട്ടതാകട്ടെ വിലമതിക്കാനാകാത്ത ആഭരണങ്ങളും.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്ര്. ഞായറാഴ്ച സന്ദർശകർക്കായി മ്യൂസിയം തുറന്നുകൊടുത്തിട്ട് അരമണിക്കൂറായതേ ഉണ്ടായിരുന്നുള്ളൂ. മുഖംമൂടി ധാരകളായ മോഷ്ടാക്കളിൽ രണ്ട് പേരാണ് മ്യൂസിയത്തിന് അകത്ത് കയറിയത്. രണ്ട് പേർ പുറത്ത് സ്കൂട്ടറുകളിൽ അവരെ കാത്തുനിന്നു. മോഷ്ടാക്കൾ സൈൻ നദിക്ക് സമാന്തരമായുള്ള ​ഗാലറി ഓഫ് അപ്പോളോയുടെ ബാൽക്കണിയിലേക്ക് ഒരു ഇലക്ട്രിക് ​ലാഡ്ഡർ ചാരിവെച്ച് കയറി. കട്ടർ ഉപയോ​ഗിച്ച് ബാൽക്കണിയിലെ ജനാല തകർത്ത് മ്യൂസിയത്തിന് ഉള്ളിൽ കടന്നു.

അകത്തുപ്രവേശിച്ച ഈ മുഖംമൂടി ധാരികൾ സാവധാനം തത്രപ്പാടുകളൊന്നുമില്ലാതെ വജ്രാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഡിസ്പ്ലേ ബോക്സുകൾ തകർത്ത് മോഷണം നടത്തുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സാധാരണ മോഷണ ശ്രമങ്ങളിൽ നടക്കാറുള്ളതുപോലെയുള്ള ഭീഷണികളോ അക്രമങ്ങളോ ശ്രദ്ധതിരിക്കലോ ഒന്നുമുണ്ടായില്ല. പക്കാ പ്രൊഷണൽ രീതി. പരിചയ സമ്പന്നരാണ് മോഷ്ടാക്കൾ എന്നാണ് അധികൃതർ കണക്കാക്കുന്നത്. ഞൊടിയിടയിലായിരുന്നു മോഷ്ടാക്കളുടെ ആക്ഷനുകളെല്ലാം.

മോഷ്ടാക്കൾ ഒമ്പത് വജ്രാഭരണങ്ങൾ കൈക്കലാക്കി. ഇതിൽ ഒരെണ്ണം നിലത്ത് വീണുപോയി. ബാക്കി എട്ടെണ്ണവുമായി അ​തേ ലാഡ്ഡറിലൂടെ പുറത്തേക്ക്. പുറത്തിറങ്ങിയ ഇവർ കാത്തുനിന്ന രണ്ട് ബൈക്കുകളിലായി ചീറിപ്പാഞ്ഞു. എല്ലാത്തിനുംകൂടി എടുത്തത് ഏഴേ ഏഴു മിനിട്ട്. ത്രില്ലർ സീരീസുകളെ വെല്ലുന്ന സംഘാടനം. ക്ലാസിക് പെർഫക്ഷൻ.

മോഷണം നടന്ന സെക്കന്റുകളിൽ തന്നെ സെക്യൂരിറ്റി അലാമുകൾ മുഴങ്ങി. ജീവനക്കാർ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സുരക്ഷാ അലാമുകൾ മുഴങ്ങിയാൽ ഉടനടി സന്ദർശകരെ സുരക്ഷിതരാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യണമെന്നാണ് മ്യൂസിയത്തിലെ പ്രോട്ടോക്കോൾ. രാവിലെ 9.30നും 9.40നും ഇടയിലായിരുന്നു മോഷണം. മ്യൂസിയത്തിന്റെ ഒരു ഭാ​ഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവരുടെ യൂണിഫോമിലാണ് മോഷ്ടാക്കൾ സ്ഥലത്തെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ ധരിച്ചിരുന്ന കിരീടങ്ങൾ, എമെറാൾഡ് നെക്ലേസുകൾ, കമ്മലുകൾ, ബ്രൂച്ചകൾ എന്നിങ്ങനെ എട്ട് ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഇവയെല്ലാം 19ാം നൂറ്റാണ്ടിലേതാണ്. നിരവധി വജ്രങ്ങളും വിലയേറിയ രത്നങ്ങളും ഉപയോ​ഗിച്ച് നിർമ്മിച്ചിട്ടുള്ളവയാണ് ഇവ. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിയം കൊള്ളയായി ഇത് മാറുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം നെപ്പോളിയൻ ചക്രവർത്തിയും ഭാര്യയും ഉപയോ​ഗിച്ചിരുന്ന മ്യൂല്യം കണക്കാക്കാനാത്ത 8 വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. പൈതൃകമൂല്യമുള്ളതുകൊണ്ടും രത്നങ്ങളുടെ പ്രത്യേകതകൾകൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും വിലമതിക്കാനാകാത്തവയാണ് ഇവ.

ചരിത്രപ്രസിദ്ധമായ ശേഖരമുള്ള മ്യൂസിയമാണിത്. ഫ്രഞ്ച് റെവല്യൂഷന് പിന്നാലെയാണ് മുമ്പ് രാജകൊട്ടാരമായിരുന്ന ഈ കെട്ടിടം മ്യൂസിയമാക്കിയത്. പുരാതന ​ഗ്രീസ്, ഈജിപ്ത്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽനിന്നുള്ള ശിൽപങ്ങൾ, യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിങ്ങുകൾ, നെപ്പോളിയൻ മൂന്നാമന്റെ ആഡംബര വസതികളിൽ ഉപയോ​ഗിച്ചിരുന്ന ആന്റിക് ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി കലാസൃഷ്ടികൾ ഇവിടെ സൂക്ഷിക്കുന്നുണ്ട്. 35,000ൽ പരം അമൂല്യ വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. പ്രതിദിനം 30,000 പേരാണ് മ്യൂസിയം സന്ദർശിക്കാറുള്ളത്. മൊണാലിസ ചിത്രമാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫ്രഞ്ച് മ്യൂസിയങ്ങൾക്ക് നേരെയുണ്ടാകുന്ന മോഷണശ്രമങ്ങൾ തുടർക്കഥയാവുകയാണ് ഇപ്പോൾ. കഴിഞ്ഞ മാസങ്ങളിൽ ഫ്രാൻസിലെ വിവിധ മ്യൂസിയങ്ങളിൽ മോഷണശ്രമങ്ങൾ അരങ്ങേറിയിരുന്നു. ലൂവ്ര് മ്യൂസിയത്തിലും ഇത് അദ്യമായിട്ടല്ല മോഷണം നടക്കുന്നത്. 1976ൽ മൂന്ന് മോഷ്ടാക്കൾ ലൂവ്രിന്റെ രണ്ടാം നിലയിലെ ചില്ലുകൾ തകർത്ത് ചാൾസ് പത്താമൻ രാജാവിന്റെ വജ്രം പതിപ്പിച്ച വാൾ മോഷ്ടിച്ചിരുന്നു. 1990ൽ പിയറി ഓ​ഗസ്റ്റെ റെനോയിറിന്റെ പോർട്രയിറ്റ് ഓഫ് എ സീറ്റഡ് വുമൺ എന്ന പെയിന്റിങ് മോഷ്ടിക്കപ്പെട്ടു.

1911ൽ നടന്ന മോണാലിസ ചിത്രത്തിന്റെ മോഷണമാണ് ഇതിൽ ഏറ്റവും ഫെയ്മസ്. മ്യൂസിയത്തിലെ സുരക്ഷാ ജീവനക്കാരൻ തന്നെയായിരുന്നു മോഷ്ടാവ്. തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ ലിയനാർദോ ഡാ വിഞ്ചിയുടെ മാസ്റ്റർപീസ് കടത്തിയത്. രണ്ട് വർഷത്തിന് ശേഷം ഇറ്റലിയിൽ വെച്ച് ഇത് വിൽക്കാൻ ശ്രമിക്കവെ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.

ഫ്രാൻസിൽ മാത്രമല്ല, സമീപ വർഷങ്ങളിലായി പല യൂറോപ്യൻ രാജ്യങ്ങളിലും മ്യൂസിയം മോഷണം ഒരു ട്രെന്റായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെയായാലും ലൂവ്രിലെ മോഷണത്തിന് പിന്നാലെ പല രാഷ്ട്രീയ ആരോപണങ്ങളും ഫ്രാൻസിൽ തലപൊക്കിക്കഴിഞ്ഞു. മാക്രോൺ സർക്കാരിന്റെ കെടുകാര്യസ്ഥതയും പൊലീസിന്റെ കൃത്യവിലോപവും ചൂണ്ടിക്കാട്ടി വിവാദങ്ങൾ പുകഞ്ഞു തുടങ്ങി. മോഷ്ടാക്കളെ ഉടനടി കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഒരുവിവര‌വും ഇതുവരെ ലഭ്യമായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക