തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

K Jayakumar

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ ജയകുമാറിന്‍റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന. 

ശബരിമല സ്വർണക്കൊള്ളയിൽ നഷ്ടമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് കെ ജയകുമാർ ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഭക്തർ നൽകുന്ന ചില്ലിക്കാശ് പോലും നഷ്ടമാക്കില്ലെന്നും നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ ജയകുമാര്‍  ഉറപ്പ് നൽകിയിരുന്നു. കെ ജയകുമാറിന്‍റെ അനുഭവം ഗുണം ചെയ്യുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സർക്കാറും അടിമുടി വെട്ടിലായിരിക്കുമ്പോഴാണ് കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആദ്യം പ്രശാന്തിന് തുടർച്ച തീരുമാനിച്ചു. എന്നാൽ നിലവിലെ ബോർഡും അന്വേഷണ പരിധിയിലേക്ക് വന്നതോടെ കാലാവധി നീട്ടാനുള്ള ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സിപിഎം വിലയിരുത്തി. പാർട്ടി ബന്ധമുള്ള പല പേരുകൾ പരിഗണിച്ചു. ഒടുവിൽ രാഷ്ട്രീയ നിയമനം ഒഴിവാക്കി പൊതു സ്വീകാര്യനായ കെ ജയകുമാറിനെ ബോർഡ് പ്രസിഡന്ർ‍റ് ആക്കാൻ തീരുമാനിച്ചത്. 

കഴിഞ്ഞ ദിവസം ചേർന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിൽ പത്തനംതിട്ടയിലെ മുൻ ഡിവൈഎഎഫ്ഐ നേതാവിൻറെ പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദേവസ്വം മന്ത്രി ശുപാർശ ചെയ്തത്. . മുഖ്യമന്ത്രിയുമായി ആലോചിക്കാതെയായിരുന്നു യോഗത്തിൽ പേര് നിർദ്ദശിച്ചത്. ഇതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് പേര് തീരുമാനിക്കാം എന്ന് നിർദ്ദേശിച്ചു. പിന്നാലെയാണ് കെ ജയകുമാറിന്‍റെ പേര് മുഖ്യമന്ത്രി നിർദേശിച്ചത്.

6 വർഷത്തോളം ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാനായിരുന്നു ജയകുമാർ. രണ്ട് തവണ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആയിരുന്നു. ശബരിമലയിലെ മാസ്റ്റർപ്ളാനുകൾക്കെല്ലാം പിന്നിലുള്ള ജയകുമാർ അനുഭവ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് സർക്കാർ വിലയിരുത്തൽ. പുതിയ അധ്യക്ഷന് പിഎസ് പ്രശാന്ത് ആശംസ അർപ്പിച്ചു, 12 വരെയാണ് നിലവിലെ ബോർഡിന്‍റെ കാലാവധി. എസ്ഐടി അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ അധ്യക്ഷൻ വരുന്നത്. സ്ഥാനമാറ്റം കൊണ്ട് വിവാദം തീരില്ലെന്നാണ് പ്രതിപക്ഷ നിലപാട്. 

മറുപടി രേഖപ്പെടുത്തുക