പാലത്തായി കേസ്; ബിജെപി നേതാവ് കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ഏറെ ശ്രദ്ധ നേടിയ പാലത്തായി പോക്‌സോ കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജനെ ഔദ്യോഗികമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്മരാജൻ ജോലി ചെയ്തിരുന്ന സ്കൂളിന്റെ മാനേജർ പിരിച്ചുവിട്ട ഉത്തരവ് പുറത്തുവിട്ടിരിക്കുകയാണ്.

കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെ തുടർന്ന്, ഇയാളെ തൽക്ഷണം സർവീസിൽ നിന്ന് നീക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് അടിയന്തിര നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി പൂർത്തിയായിരിക്കുന്നത്.

യു.പി. സ്കൂൾ അധ്യാപകനായിരുന്ന പത്മരാജൻ നാലാം ക്ലാസിൽ പഠിക്കുന്ന പത്തുവയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും ഇടയിലായിരുന്നു സംഭവമെന്ന് പരാതി പറയുന്നു. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ശുചിമുറികളിലായി പീഡനം നടന്നുവെന്നായിരുന്നു കുട്ടി ചൈൽഡ് ലൈനിന് നൽകിയ മൊഴി.

കേസിൽ പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പോക്‌സോ അതിവേഗ കോടതി, മരണം വരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു. പോക്‌സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ബലാത്സംഗം ഉൾപ്പെടെയുള്ള പോക്‌സോ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക