നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ല; അതിനാലാണ് പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നത്: കെസി വേണുഗോപാല്‍

നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂര്‍ മൈലക്കാട് ദേശീപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും ദേശീപതാ നിര്‍മ്മാണത്തില്‍ വലിയ അഴിമതിയുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ല. അതിനാലാണ് പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നത്. ഈ അഴിമതി സംസ്ഥാന സര്‍ക്കാര്‍ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് അതില്‍ പങ്കുള്ളതിനാലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യുക എന്നത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യം. ദേശീയപാതയില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ദേശീയപാത നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയപാത അതോറിറ്റിയാണ് നിര്‍മ്മാണം നടത്തുന്നതെങ്കിലും അപാകത ചൂണ്ടിക്കാട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള സമിതി എല്ലാ ജില്ലകളിലുമുണ്ട്. ബന്ധപ്പെട്ടവരെ അറിയിക്കാന്‍ അവര്‍ക്ക് കടമയുണ്ട്.

നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കരാര്‍ കമ്പനിക്ക് നല്‍കിയതിന്റെ ദൂഷ്യമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അപകടം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥതല നിരീക്ഷണം നടക്കുന്നത്. അത് അനുവദിക്കാനാവില്ല. നിര്‍മ്മാണത്തിലെ പാളിച്ച കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത ടീം പരിശോധിക്കണം.സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.ഈ വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കും. ഈ അഴിമതിക്ക് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണം. നിര്‍മ്മാണത്തിലെ ക്രമക്കേട് ഒട്ടും ആശ്വാസ്യമല്ല.

കൂരിയാട് ദേശീയപാത തകര്‍ന്നപ്പോള്‍ പിഎസി ഈ വിഷയം ഗൗരവമായെടുക്കുയും കേന്ദ്ര ഗതാഗത സെക്രട്ടറിയേയും ദേശീപാത ചെയര്‍മാനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ദേശീപാത ഡീസൈനില്‍ പിഴവുണ്ടായതായി അവര്‍ അന്ന് സമ്മതിച്ചതാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി പിഎസി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് മാസം പിന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.

ഡിപിആര്‍,ഡിസൈനിങ് തുടങ്ങിയവ സംബന്ധിച്ച് ആക്ഷേപം ഉള്ളതിനാല്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്ന നിര്‍ദ്ദേശം നല്‍കി. എന്നാലത് അട്ടിമറിക്കപ്പെട്ടു. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്താനും നടപടിയെടുത്തില്ല. അതിനാല്‍ പിഎസി റിപ്പോര്‍ട്ടിന് മേല്‍ എന്തു നടപടി സ്വീകരിച്ചെന്ന് ഗതാഗത മന്ത്രാലയത്തോട് വിശദീകരണം ചോദിക്കും.

ദേശീയപാത തകര്‍ന്ന മൈലക്കാട് ഒരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിര്‍മ്മാണം നടന്നത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണ് ഉള്‍പ്പെടെയുള്ള സാമഗ്രികളെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ദേശീയപാത ദുരന്തപാതയാക്കുന്ന നടപടിയാണ് എന്‍എച്ച്എഐയുടേതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക