വെറുതെവിടലിന് ശേഷം ഇനി ദിലീപിന് പുതിയ നീക്കങ്ങൾ; ലക്‌ഷ്യം പോലീസിനെ തന്നെ

നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിയെന്നു കോടതി കണ്ടെത്തി ഇന്ന് ദിലീപിനെ വെറുതെ വിട്ടതോടെ, തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനും അതിനായി കോടതിയെ സമീപിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പ്രത്യേക അന്വേഷണ സംഘം (SIT) തലവൻ ബി. സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസുമെതിരെയാണ് ദിലീപ് പ്രധാനമായും നീങ്ങാൻ പോകുന്നത്.

മഞ്ജുവാര്യർ തന്നെയാണ് തനിക്കെതിരായ ക്രിമിനൽ ഗൂഢാലോചനയ്ക്ക് തുടക്കമായത് എന്ന് ദിലീപ് പല തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ദിലീപിന്റെ പരാതിയിൽ സി.ബി.ഐ അന്വേഷണം വന്നാൽ, അന്ന് അങ്ങനെ ആരോപണം ഉയർത്തേണ്ട സാഹചര്യം എന്തായിരുന്നു എന്നതിനെക്കുറിച്ച് മഞ്ജുവാര്യർക്കും വിശദീകരിക്കേണ്ട സാഹചര്യം രൂപപ്പെടുമെന്നാണ് നിരീക്ഷണം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ദിലീപിന്റെ മുഖ്യ ആരോപണം. അതിനാൽ തന്നെ നമ്പി നാരായണൻ കേസ് പോലെ സി.ബി.ഐ അന്വേഷണം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ഉറച്ച വിശ്വാസത്തിലാണ്. കൂടാതെ, തന്റെ നേരെ ഏകപക്ഷീയമായി വാർത്തകൾ പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അഭിഭാഷകരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അനുകൂല വിധി ലഭിച്ചതോടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഒരിക്കൽ തനിക്കെതിരെ നടപടി എടുത്ത് പുറത്താക്കിയിരുന്ന താരസംഘടനയിലേക്കും അദ്ദേഹം വീണ്ടും ശക്തമായി മടങ്ങിയെത്താൻ സാധ്യതയുണ്ട്. ഇതോടെ സിനിമാ ലോകത്ത് ആരുടെയൊക്കെ സ്ഥാനങ്ങൾ ആണ് കുലുങ്ങാൻ പോകുന്നത് എന്നത് സമയം തെളിയിക്കുകയാണ്. 2017 ഫെബ്രുവരി 16-നായിരുന്നു നടിക്ക് നേരെ ആക്രമണം നടന്നത്. അന്നത്തെ എം.എൽ.എ യായിരുന്ന പി. ടി. തോമസ് വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി. അദ്ദേഹത്തോടൊപ്പം സിനിമാ നിർമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. നടി അഭയം പ്രാപിച്ചത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലായിരുന്നു.

സംഭവത്തിൽ സംശയകരമായ പങ്ക് ഉണ്ടെന്ന സൂചന നൽകിയ ഡ്രൈവർ മാർട്ടിൻ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വിവരം അറിഞ്ഞ പി. ടി. തോമസ് റേഞ്ച് ഐജിയെ വിളിച്ചറിയിച്ചു. തുടർന്ന് ഐജിയുടെ നിർദ്ദേശമനുസരിച്ച് ആദ്യം സ്ഥലത്തെത്തിയ ഡി.സി.പി യതീഷ് ചന്ദ്ര നടിയുടെ മൊഴി രേഖപ്പെടുത്തി. ഈ വിവരം ഏറ്റവും ആദ്യം പുറത്തുവിട്ടത് മനോരമ ചാനലിന്റെ ചീഫ് റിപ്പോർട്ടറായിരുന്ന അനിൽ ഇമ്മാനുവലാണ്. കേസിലെ പ്രധാന പ്രതി പൾസർ സുനിയെ അറസ്റ്റ് ചെയ്തത് നാടകീയമായിരുന്നു. ഒളിവിൽ കഴിഞ്ഞ അദ്ദേഹം മറ്റൊരു കോടതിയിൽ ഓടിക്കയറി കീഴടങ്ങാൻ ശ്രമിക്കുമ്പോൾ, കോടതി മുറിക്കുള്ളിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 10-ന് ദിലീപ് അറസ്റ്റിലായി. ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണ്. ഈ കേസിൽ കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റായ നടപടികളാണ് നടന്നതെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്ത അനിൽ ഇമ്മാനുവൽ തന്നെ പറയുന്നു. ദിലീപിനെ പ്രതി ചേർക്കാനുള്ള ശക്തമായ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന അഭിപ്രായം മാധ്യമപ്രവർത്തകരിൽ മാത്രമല്ല, ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും ഉണ്ടായിരുന്നു. എന്നാൽ അന്വേഷണ സംഘത്തെ നയിച്ച ബി. സന്ധ്യയുടെ ‘പ്രത്യേക വാശിയാൽ’ തന്നെയാണ് ദിലീപിനെ പ്രതിയാക്കപ്പെട്ടതെന്നും പറയപ്പെടുന്നു. ഇപ്പോൾ ദിലീപ് അന്വേഷിക്കുന്നത് അതിന്റെ പിന്നാമ്പുറമാണ്.

മറുപടി രേഖപ്പെടുത്തുക