ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കേന്ദ്ര സർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയായ ചലച്ചിത്രമേളയാണെന്നും, ഇതുവരെ ഇതുപോലൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
187 സിനിമകൾക്ക് പ്രദർശനാനുമതി തേടി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നുവെന്നും, അപേക്ഷ നൽകുന്നതിൽ യാതൊരു താമസവും ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 154 സിനിമകൾക്ക് അനുമതി ലഭിക്കുകയും, തുടർന്ന് നാല് സിനിമകൾക്ക് കൂടി അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ 19 സിനിമകൾക്ക് അനുമതി നിഷേധിക്കപ്പെട്ടു.
കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണെന്നും, രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചതെന്നും മന്ത്രി ആരോപിച്ചു. മേളയെ തകർക്കാനുള്ള ശ്രമമാണിതെന്നും, ഇതുവഴി അടുത്ത മേള നടക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമകൾക്ക് പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിലേക്ക് വിശദമായ കത്തുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
