ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും മറക്കാൻ പറ്റാത്തത്: പാർവതി

കണ്ടനാട്ടെ വീട്ടിലെത്തി നടി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും സംവിധായകൻ രാജസേനനും. പ്രിയപ്പെട്ട കലാകാരനോട് ആദരവും സ്നേഹവും അർപ്പിച്ചാണ് അവർ അന്ത്യോപചാരം നടത്തിയത്.

ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ മാത്രമല്ല, പൊതുസമൂഹം മുഴുവൻ അദ്ദേഹത്തെ ആഘോഷിച്ചുവെന്നും അവർ പറഞ്ഞു. ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, മനുഷ്യൻ എന്ന നിലയിലും മറക്കാനാകാത്തതാണെന്നും, അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് വലിയ പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും പാർവതി വ്യക്തമാക്കി. എല്ലാറ്റിനും നന്ദി അറിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ശ്രീനിവാസനുമായി 40 വർഷത്തെ ഹൃദയബന്ധമുണ്ടായിരുന്നുവെന്ന് സംവിധായകൻ രാജസേനൻ പറഞ്ഞു. ശ്രീനിവാസന്റെ എഴുത്ത് ഒരു അത്ഭുത പ്രതിഭാസമായിരുന്നുവെന്നും, മലയാള സിനിമയുടെ എല്ലാം എല്ലാമായിരുന്നു അദ്ദേഹം എന്നും രാജസേനൻ അനുസ്മരിച്ചു. ഏത് ചരിത്രം എഴുതുമ്പോഴും മലയാള സിനിമയുടെ ഭാഗമാകുന്നിടത്ത് ശ്രീനിവാസന്റെ സംഭാവന വലിയതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ കലാകാരന്റെ വിയോഗം സിനിമാലോകത്തെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക