ഇൻസ്റ്റാഗ്രാം റീൽസ് ഇനി മൊബൈൽ സ്‌ക്രീനിലൊതുങ്ങില്ല. സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി വികസിപ്പിച്ച ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ മെറ്റ ഔദ്യോഗികമായി പുറത്തിറക്കി. ആദ്യഘട്ടത്തിൽ ആമസോൺ ഫയർ ടിവിയിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.
പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് മൊബൈലിനൊപ്പം വീട്ടിലെ വലിയ ടിവി സ്‌ക്രീനിലും തടസ്സമില്ലാതെ റീൽസുകൾ ആസ്വദിക്കാനാകും. ഉപയോക്താക്കളുടെ കാഴ്ചാനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ടെലിവിഷൻ മേഖലയിലെ യൂട്യൂബിന്റെ ശക്തമായ ആധിപത്യത്തിന് നേരെ കടുത്ത മത്സരവുമായി ഇൻസ്റ്റാഗ്രാം രംഗത്തെത്തുന്നുവെന്ന വിലയിരുത്തലും ഉയരുന്നു. ദീർഘനാളത്തെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് റീൽസുകൾ വലിയ സ്‌ക്രീനിലേക്ക് എത്തിക്കാൻ ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ കമ്പനി പുറത്തിറക്കിയത്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുമിച്ച് ഇരുന്ന് റീൽസുകൾ കാണുന്നത് കൂടുതൽ ആസ്വാദ്യകരമാണെന്ന ഉപയോക്താക്കളുടെ പ്രതികരണം പരിഗണിച്ചാണ് ഈ പുതിയ ചുവടുവെപ്പ്. ഭാവിയിൽ മറ്റ് സ്മാർട്ട് ടിവി പ്ലാറ്റ്‌ഫോമുകളിലേക്കും ആപ്പ് വ്യാപിപ്പിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.
