ലക്നൗ: ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് ഏഴ് വർഷം മുമ്പ് അപ്രത്യക്ഷനായ ഒരു യുവാവിനെ ഇൻസ്റ്റാഗ്രാം റീൽ വഴി കണ്ടെത്തി. ഉത്തർപ്രദേശിലെ ഹർദോയിയിലാണ് സംഭവം. തന്‍റെ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഇൻസ്റ്റാഗ്രാം റീലിൽ പ്രത്യക്ഷപ്പെട്ടത് കണ്ടാണ് ഭാര്യ പൊലീസിൽ വിവരമറിയിച്ചത്. ജിതേന്ദ്ര കുമാർ എന്ന ബാബ്ലുവിനെ 2018 മുതലാണ് കാണാതായത്. 2017-ൽ ഷീലുവിനെ വിവാഹം കഴിച്ച ഇവർ ഒരു വർഷത്തിനുള്ളിൽ വേർപിരിയാൻ തീരുമാനിച്ചിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ഷീലുവിനെ നിരന്തരം ഉപദ്രവിക്കുകയും, സ്വർണമാലയും മോതിരവും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് ഷീലുവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന്, ഷീലുവിന്‍റെ കുടുംബം സ്ത്രീധന പീഡനത്തിന് പൊലീസിൽ പരാതി നൽകി. സ്ത്രീധനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ജിതേന്ദ്രയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
2018 ഏപ്രിൽ 20ന് ജിതേന്ദ്രയുടെ അച്ഛൻ മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വന്നതോടെ, ജിതേന്ദ്രയുടെ കുടുംബം ഷീലുവിനെയും ബന്ധുക്കളെയും കൊലപാതക കുറ്റത്തിന് പ്രതിയാക്കി. വർഷങ്ങളോളം ജിതേന്ദ്രയുടെ തിരോധാനത്തിന് പിന്നിലെ സത്യമറിയാതെ ഷീലു പ്രതീക്ഷയോടെ ജീവിച്ചു. ഏഴ് വർഷത്തിന് ശേഷം ഒരു ദിവസം ജിതേന്ദ്രയെ മറ്റൊരു സ്ത്രീയോടൊപ്പം ഇൻസ്റ്റാഗ്രാം റീലിൽ ഷീലു കാണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഷീലു ഉടൻ തന്നെ കൊട്‌വാലി സൻഡില പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് അന്വേഷണത്തിൽ ജിതേന്ദ്ര സ്വന്തം തിരോധാനം ആസൂത്രണം ചെയ്ത് ലുധിയാനയിലേക്ക് താമസം മാറുകയായിരുന്നുവെന്ന് കണ്ടെത്തി. അവിടെ അദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലെ സാന്നിധ്യം വഴി ഈ തട്ടിപ്പ് പുറത്തുവന്നു. ഷീലുവന്‍റെ പരാതിയിലും സോഷ്യൽ മീഡിയയിൽ നിന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സൻഡില സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. ബഹുഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിഭാഗങ്ങൾ പ്രകാരം കേസെടുത്തു. ജിതേന്ദ്ര ഇപ്പോൾ സൻഡില പൊലീസിന്‍റെ കസ്റ്റഡിയിലാണ്. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.