നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി വ്യക്തമാക്കി. കോടതി വിധിയിൽ എട്ടാം പ്രതിക്ക് മാത്രമല്ല പ്രേരണ ഉണ്ടായിരുന്നതെന്ന നിലപാടാണുള്ളതെങ്കിലും, പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങൾ ഹാജരാക്കിയിരുന്നുവെന്ന് മിനി പറഞ്ഞു.
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ടി.ബി. മിനിയുടെ വെളിപ്പെടുത്തൽ. “എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യ മാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. ഇത് തെളിയിക്കാൻ നിരവധി സാക്ഷികളെ ഞങ്ങൾ ഹാജരാക്കിയിട്ടുണ്ട്,” മിനി പറഞ്ഞു.
20 സാക്ഷികൾ കൂറുമാറിയെന്ന ആരോപണങ്ങളെക്കുറിച്ചും മിനി വിശദീകരിച്ചു. “ആകെ 261 സാക്ഷികളിൽ 20 പേർ മാത്രമാണ് കൂറുമാറിയത്. കൂറുമാറിയവർ ആരൊക്കെയാണെന്ന് പരിശോധിച്ചാൽ ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, അടുത്ത കൂട്ടുകാരനായ ഇടവേള ബാബു എന്നിവരാണെന്ന് കാണാം. ഇത്തരത്തിലുള്ളവർ കൂറുമാറുന്നത് സ്വാഭാവികമാണ്,” എന്നും അവർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ചിലരെ സാക്ഷികളായി ചേർക്കുന്നത് സാധാരണ നടപടിയാണെന്നും, ഇൻവെസ്റ്റിഗേഷനും എൻക്വയറിയും തമ്മിൽ വ്യത്യാസമുണ്ടെന്നും മിനി കൂട്ടിച്ചേർത്തു. “ഈ തെളിവുകളെല്ലാം അവതരിപ്പിച്ചിട്ടും ‘മോട്ടീവ് ഇല്ല’ എന്നാണ് പറയുന്നത്,” എന്നും ടി.ബി. മിനി വ്യക്തമാക്കി.
