കൊച്ചി മേയർ പദവിയില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു; പരാതിയുമായി ദീപ്തി മേരി വർഗീസ്

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. മേയർ തിരഞ്ഞെടുപ്പില്‍ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദീപ്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ഔദ്യോഗികമായി പരാതി നല്‍കി.

തന്നെ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ആരായുന്നതില്‍ സുതാര്യത പുലര്‍ത്തിയില്ലെന്നും ദീപ്തി ആരോപിച്ചു. വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർ സ്ഥാനം പങ്കിടുമെന്ന ഡിസിസി പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായത്.

കെപിസിസി നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരുടെ അഭിപ്രായം നേരിട്ട് കേള്‍ക്കണമെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെ, ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍. വേണുഗോപാലുമാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് ദീപ്തി പരാതിയില്‍ വ്യക്തമാക്കി. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ലെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതായും അവര്‍ ആരോപിച്ചു.

അതേസമയം, നിലവിലെ തീരുമാനപ്രകാരം ആദ്യ രണ്ടര വര്‍ഷം വി.കെ. മിനിമോളും ശേഷിക്കുന്ന കാലാവധി ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം വഹിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക