ആട് 3 ചിത്രീകരണത്തിനിടെ വിനായകന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിനായകന്‍ പരിക്കേറ്റു. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വിനായകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോളെല്ലിന് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആറാഴ്ചയോളം പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ചിത്രീകരണ ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നാണ് സൂചന.

‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമാണ് ‘ആട് 3’. വമ്പന്‍ ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവരടക്കം ‘ആട് യൂണിവേഴ്‌സി’ലെ പ്രധാന താരങ്ങള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ആട് 3’. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക