വാഷിങ്ടൺ: യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ഏറെ വൈകുന്നുവെന്നും ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമാണ്. ഇന്ത്യ- റഷ്യ- ചൈന ചർച്ചകൾക്കു ശേഷമാണ് ട്രംപിൻറെ പ്രസ്താവന. സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
അതേ സമയം, ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്. വ്ളാദിമിർ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിൻപിങിന്‍റെ അടുത്തെത്തി ഹ്രസ്വ ചർച്ച നടത്തി.
ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. യുക്രെയ്ൻ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയിൽ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്‍റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്കിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും എന്ന സന്ദേശമാണ് പുടിന് മോദി നല്കിയത്.