രണ്ട് ദിവസമായി താമസം മകളുടെ വീട്ടിൽ, രാവിലെ വിവരമറിയിച്ചത് സമീപവാസികൾ, വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ, മോഷണം

തിരുവനന്തപുരം: ചിറയിൻകീഴിലും സമീപത്തും മോഷണം വ്യാപകമാകുന്നു. പെരുങ്ങുഴി വലിയവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പുറകുവശത്ത് പണ്ടാരവിള വീട്ടിൽ രവീന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. മുൻ വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രവീന്ദ്രനും ഭാര്യയും രണ്ടുദിവസമായി മുരുക്കുംപുഴയിലുള്ള മകളുടെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു.

അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറികളിലെ വാതിലുകളും മുറികളിൽ സൂക്ഷിച്ചിരുന്ന അലമാരകളും കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക പരിശോധനിയിൽ കാര്യമായൊന്നും നഷ്ടമായിട്ടില്ലെന്നാണ് വിവരം. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാണ്.

ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്‍റ് പെരേര-സുശീല ദമ്പതികളുടെ വീട്ടിലും കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയോടെ സമാനമായ രീതിയിൽ മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയിരുന്നു. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. 107 ഗ്രാം സ്വർണവും 1,15000 രൂപയും എടിഎം കാർഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ കിഴുവിലത്തിന് സമീപം മകളുടെ വീട്ടിലായിരുന്നു താമസം. ചിറയിൻകീഴ്, അഴൂർ, പെരുങ്ങുഴി മേഖലയിലായി മൂന്നുമാസത്തിനിടെ ഇത് അഞ്ചാമത്തെ മോഷണമാണ്.  

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു