മുത്തച്ഛന്റെ വഴിയേ കിമ്മും, ചൈനയിലേക്ക് കവചിത ട്രെയിൻ യാത്ര, ചൈനീസ് അതിർത്തി കടന്ന് കിം ജോംഗ് ഉൻ

പ്യോംങ്യാംഗ്: ചൈനയിലേക്ക് സംരക്ഷിത ട്രെയിനിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ യാത്ര. ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിന് സാക്ഷിയാകാനാണ് കനത്ത സുരക്ഷയിൽ കിം ട്രെയിൻ മാ‍ർഗം പുറപ്പെട്ടത്. ബുധനാഴ്ചയാണ് ചൈനയുടെ വിക്ടറി ഡേ പരേഡ് നടക്കുന്നത്. അന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാകും കിം ജോംഗ് ഉൻ ആദ്യത്തെ ബഹുമുഖ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുക. ചൊവ്വാഴ്ചയാണ് അതീവ സുരക്ഷയുള്ളതും കവചിതവുമായ ട്രെയിൻ കിമ്മുമായി ചൈനീസ് അതിർത്തി കടന്നത്. അത്യാധുനിക റസ്റ്റോറന്റ് അടക്കമുള്ള സൗകര്യം അടങ്ങിയതാണ് ഈ കവചിത ട്രെയിൻ. അതീവ സുരക്ഷയുള്ളതിനാൽ വളരെ സാവധാനമാണ് ഈ ട്രെയിൻ നീങ്ങുക. 24 മണിക്കൂർ നീളും യാത്രയെന്നാണ് ദക്ഷിണ കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1959ന് ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ നേതാവ് ചൈനീസ് സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ പോവുന്നത്. മ്യാൻമ‍ർ, ക്യൂബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും സൈനിക പരേഡിന് സാക്ഷിയാവും. 2015ൽ ഉത്തര കൊറിയ ചൈനീസ് സൈനിക പരേഡിന് ഒരു പ്രതിനിധിയെ അയച്ചിരുന്നു.

നിലവിൽ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന കിം വിദേശ സന്ദർശനം നടത്തുന്നത് വളരെ അപൂർവ്വമാണ്. യുക്രൈൻ അനിധിവേശം ആരംഭിച്ചതിന് പിന്നാലെ രണ്ട് തവണ പുടിനെ കണ്ടതല്ലാതെ മറ്റ് ലോക നേതാക്കൾക്ക് കിം മുഖം കൊടുത്തിരുന്നില്ല. നേരത്തെ 2019ൽ നയതന്ത്ര ബന്ധങ്ങളുടെ ഏഴുപതാം വാർഷികത്തിൽ പങ്കെടുക്കാൻ ചൈനയിലേക്ക് കിം പോയതും ഇതേ ട്രെയിനിന് തന്നെയായിരുന്നു.

കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സംഗ് ആണ് ഇത്തരത്തിൽ ട്രെയിൻ യാത്ര ആരംഭിച്ചത്. വിയറ്റ്നാമിലേക്കും കിഴക്കൻ യൂറോപ്പിലേക്കും കിം ഇൽ സംഗ് സഞ്ചരിച്ചിരുന്നത് ട്രെയിൻ മാർഗമായിരുന്നു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇൽ വിമാനയാത്രയെ ഭയന്നതിനാൽ ട്രെയിൻ യാത്രകൾ തുടരുകയായിരുന്നു. കോൺഫറൻസ് റൂമുകൾ, ഓഡിയൻസ് ചേംബറുകൾ, കിടപ്പുമുറികൾ അടക്കം 90 ബോഗികളാണ് ഈ ട്രെയിനുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു