തന്റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ കീഴിൽ ഇനി സിനിമകൾ നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ച് വെട്രിമാരൻ. കാക്കമുട്ടൈ അടക്കം നിരൂപക പ്രശംസകൾ ലഭിച്ച മികച്ച സിനിമകൾ ചെയ്ത പ്രൊഡക്ഷൻ ഹൗസ് കൂടിയാണ് ഗ്രാസ് റൂട്ട് ഫിലിം
ടീസറും ട്രെയ്‌ലറും അടക്കം ഒരു സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളെ ഓരോന്നിനെയും ജാഗ്രതാപൂർവ്വം സമീപിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം തന്നെ സിനിമയുടെ വരുമാനത്തെ ബാധിക്കുമെന്നതിനാൽ നിർമ്മാതാവിനുമേലുള്ള അധിക സമ്മർദ്ദമാകും ഇതെന്നും പുതിയ സിനിമയായ ബാഡ് ഗേളിന്റെ പ്രസ് മീറ്റിനിടെ വെട്രിമാരൻ പറഞ്ഞു.
“മാനുഷി ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവരൊരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിന്റെ കാര്യത്തിലും ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. ഈ സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാഡ് ഗേള്‍ അത്തരത്തിലൊരു ചിത്രമല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മാനുഷി ഒരുതവണ സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായതാണ്. നിര്‍മാതാവായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് ബാഡ് ഗേള്‍ എന്ന ചിത്രത്തിന് ശേഷം ഗ്രാസ് റൂട്ട് ഫിലിം കമ്പനി അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.” വെട്രിമാരൻ പറഞ്ഞു.
വർഷ ഭാരത് സംവിധാനം ചെയ്യുന്ന ബാഡ് ഗേളിന്റെ ടീസർ ഇറങ്ങിയ സമയം മുതൽ വലിയ വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. ചിത്രം കുട്ടികളെയും കൗമാരക്കാരെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടു. അനുരാഗ് കശ്യപും ചിത്രത്തിൻറെ നിർമ്മാണ പങ്കാളിയാണ്. 2013 ൽ പുറത്തിറങ്ങിയ ഉദയം NH 4 എന്ന ചിത്രം നിർമ്മിച്ചുകൊണ്ടായിരുന്നു ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. പൊരിയാളൻ, കാക്കമുട്ടൈ, വിസാരണൈ, കൊടി, വടചെന്നൈ, വിടുതലൈ പാർട്ട് 1&2 തുടങ്ങീ മികച്ച സിനിമകൾ നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസ് കൂടിയാണ് ഗ്രാസ് റൂട്ട് ഫിലിം കമ്പനി. അതേസമയം സിമ്പു നായകനാവുന്ന സിനിമയാണ് വെട്രിമാരന്റേതായി ഇനി വരാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.