ആർ. ശ്രീലേഖയെ വീട്ടിലെത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും സന്ദർശിച്ചു. മേയർ പദവി ലഭിക്കാത്തതിൽ ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ കൂടിക്കാഴ്ച ശ്രദ്ധേയമായത്.
വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞ പൂർത്തിയാകുന്നതിന് മുമ്പേ ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് വലിയ വാർത്തയായി മാറിയിരുന്നു. ഇതിന് പിന്നാലെ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നതെന്ന വിലയിരുത്തലുകളും ഉയർന്നിരുന്നു.
എന്നാൽ പ്രധാനപ്പെട്ട നേതാക്കളെ നേരിൽ കണ്ടുമാറുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നതെന്നാണ് വി.വി. രാജേഷിന്റെ വിശദീകരണം. പാർട്ടിയിലെ പ്രധാന നേതാക്കളെ എല്ലാവരെയും സന്ദർശിക്കുന്നുണ്ടെന്നും, അതിന്റെ തുടക്കമായാണ് ശ്രീലേഖയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഡോക്ടർ സേതുനാഥിനോടും ചർച്ച നടത്തിയതായും രാജേഷ് വ്യക്തമാക്കി.
നഗരസഭയിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി.വി. രാജേഷ് പ്രതികരിച്ചു.
