മണ്ഡലകാലം അവസാനിക്കുമ്പോൾ ശബരിമലയിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. ഇന്നലെ വരെ 332.77 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ സീസണിനെക്കാൾ 35.70 കോടി രൂപയുടെ വർധനവുമുണ്ട്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം എന്നിവയിലൂടെയാണ് വരുമാനം. ഇതിൽ 83.17 കോടി രൂപ കാണിക്കയായി മാത്രം ലഭിച്ചു.
കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ ആകെ വരുമാനം 297.06 കോടി രൂപയായിരുന്നു. അന്ന് കാണിക്കയായി ലഭിച്ചത് 80.25 കോടി രൂപയുമാണ്.
അതേസമയം, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ സന്നിധാനത്ത് പൂർത്തിയായി. മകരവിളക്ക് മഹോത്സവങ്ങൾക്കായി ഈ മാസം 30ന് വൈകിട്ട് നട തുറക്കും.
