ബീജിങ്: സൈനിക പരേഡിൽ പങ്കെടുക്കാൻ കിം ജോങ് ഉൻ ചൊവ്വാഴ്ച സ്വകാര്യ ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ചൈനയിലെത്തി. 2023 ന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ യാത്രയാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ നേതാവ് വ്ളാഡിമിർ പുടിനുമായും കിം കൂടിക്കാഴ്ച നടത്തും. ചൈനയിൽ നടന്ന പരിപാടിയിൽ കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി ചോ സോൺ-ഹുയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2023 ൽ പുടിനുമായുള്ള ചർച്ചകൾക്കായി ഉത്തരകൊറിയൻ നേതാവ് അവസാനമായി റഷ്യയിലേക്ക് പോയിരുന്നു.
നാല് വർഷം മുമ്പ് കിം ചൈനയും സന്ദർശിച്ചു. ബീജിംഗിൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായാണ് ചൈന വമ്പൻ പരേഡ് നടത്തിയത്. ചൈനയുടെ പ്രധാന സഖ്യകക്ഷിയാണ് ഉത്തരകൊറിയ. യുഎസിന്റെയും അവരുടെ നിരവധി സഖ്യകക്ഷികളുടെയും ശിക്ഷാ ഉപരോധങ്ങൾക്കിടയിൽ ഉത്തരകൊറിയൻ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാൻ ചൈന സഹായം നൽകുന്നു.
2019-ൽ പ്യോങ്യാങ്ങിൽ ഷി നടത്തിയ സന്ദർശനത്തിനുശേഷം കിമ്മും ഷിയും നേരിട്ട് കണ്ടിട്ടില്ല. അതിനുമുമ്പ്, യുഎസുമായും ദക്ഷിണ കൊറിയയുമായും ബന്ധം പുനഃസ്ഥാപിക്കുന്നതിന് ചൈനയുടെ പിന്തുണ തേടി 10 മാസത്തിനിടെ നാല് തവണ കിം ബീജിംഗിലേക്ക് പോയതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കുറി ചൈനയിലേക്ക് തിരിക്കും മുമ്പ് കിം ഒരു പുതിയ മിസൈൽ ഫാക്ടറി പരിശോധിക്കുകയും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാനുള്ള പദ്ധതി ശക്തിപ്പെടുത്തുകയും ചെയ്തതായി ഉത്തരകൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പതിവ് തെറ്റിക്കാതെ വിദേശ യാത്രകൾക്ക് ബുള്ളറ്റ് പ്രൂഫ് ട്രെയിനാണ് തെരഞ്ഞെടുത്തത്. 2023-ൽ, പുടിനുമായുള്ള ഉച്ചകോടിക്കായി കിം റഷ്യയിലേക്കും ട്രെയിനിലായിരുന്നു സഞ്ചരിച്ചത്. ഹനോയിയിൽ ഒരു ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ടേമിൽ അദ്ദേഹത്തെ കാണാൻ വിയറ്റ്നാമിലേക്കും 60 മണിക്കൂർ ട്രെയിൻ യാത്ര ചെയ്താണ് കിം എത്തിയത്. വിമാന യാത്രയുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രെയിൻ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു എന്നതാണ് ഇഷ്ടപ്പെട്ട യാത്രാ മാർഗമായി ട്രെയിൻ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം.