മധുര: മധുരയിൽ 28 കാരിയായ പ്രിയദർശിനി എന്ന യുവതി ജീവനൊടുക്കിയതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെ തുടർന്നാണ് പ്രിയദർശിനി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഉസിലാംപട്ടിക്ക് സമീപമുള്ള പെരുമാൾ കോവിൽപട്ടി സ്വദേശിയായ പ്രിയദർശിനി 2024 സെപ്റ്റംബറിൽ സെല്ലൂരിലെ 30 വയസ്സുള്ള റൂബൻരാജിനെ വിവാഹം കഴിച്ചു. വിവാഹസമയത്ത്, സ്ത്രീധനമായി 150 പവൻ സ്വർണം നൽകിയിരുന്നു. എന്നിരുന്നാലും, വാഗ്ദാനം ചെയ്തതുപോലെ 150 പവൻ കൂടി നൽകാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്നാണ് സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായത്.
റൂബൻരാജും മാതാപിതാക്കളായ ഇളംഗേശ്വരനും ധനബക്കിയവും തങ്ങളുടെ മകളെ ബാക്കിയുള്ള സ്വർണ്ണത്തിനായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പ്രിയദർശിനിയുടെ മാതാപിതാക്കളായ അഗ്നിയും സെൽവിയും പറയുന്നു. മാനസിക പീഡനം അസഹനീയമായിത്തീർന്നതിനാൽ പ്രിയദർശിനി കുറച്ച് മാസങ്ങൾക്ക് മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ റൂബന്‍ രണ്ടാം വിവാഹം ആലോചിക്കുന്നതായി അറിഞ്ഞ പ്രിയദർശിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. മധുര രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മധുര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രിയദർശിനിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, റൂബൻരാജിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.