അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം: റിക്ടർ സ്കെയിലിൽ 5.5 തീവ്രത, ജലാലാബാദിന് 34 കിലോമീറ്റർ അകലെ പ്രഭവ കേന്ദ്രം

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. ഇന്നലെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. 

രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.

പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഇന്നലെ ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.

ഭൂകമ്പത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് നിരവധിപേർ മരിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കൻഡുകൾ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം ഉണ്ടായത്.

 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു