വേദിയിൽ വരനും വധുവിനും ഒപ്പം തെരുവുനായകളും, അപൂർവമായ ഒരു കാഴ്ച

നായകളെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. തെരുവുനായകളോടും ഈ സ്നേഹം അവർ പങ്കുവയ്ക്കുന്നതും നാം കണ്ടിട്ടുണ്ടാവും. സോഷ്യൽ മീഡിയയിൽ ഇതുപോലെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു യുവാവ് തന്റെ വിവാഹത്തിന് ആരും പ്രതീക്ഷിക്കാത്ത ചില അതിഥികളെ കൂടി ക്ഷണിച്ചു. അതേ, തെരുവുനായകളാണ് ആ അതിഥികൾ. ദമ്പതികൾക്കും കൂട്ടുകാർക്കും ഒപ്പം വിവാഹവേദിയിൽ നിൽക്കുന്ന നായകളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ ശരിക്കും ആരെയും ഒന്ന് അമ്പരപ്പിക്കുന്ന വിധത്തിലുള്ളതാണ്. വീഡിയോയിൽ കാണുന്നത് ദമ്പതികൾക്കൊപ്പം യാതൊരു സങ്കോചവും കൂടാതെ നിൽക്കുന്ന നായകളെയാണ്. യുവാവ് തന്റെ വിവാഹത്തിന് നായകളെ കൂടി ക്ഷണിച്ചിരിക്കുന്നു എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

ശരിക്കും വിവാഹത്തിനെത്തിയ അതിഥികളെ പോലെ തന്നെയാണ് നായകളെല്ലാം വിവാഹാഘോഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന സ്റ്റേജിൽ കയറി നിൽക്കുന്നത് എന്നതും വീഡിയോയുടെ കൗതുകം വർധിപ്പിക്കുന്നു. ആളുകൾക്കും ഇത്രയധികം നായകൾ സ്റ്റേജിൽ നിൽക്കുന്നതിനോട് അസഹിഷ്ണുതയില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അതേസമയം ഇത് വളര്‍ത്തുനായകളാണോ എന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.

അനേകങ്ങളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ‘Z+ സെക്യൂരിറ്റി തന്നെയാണ് വിവാഹത്തിന് കിട്ടിയിരിക്കുന്നത്’ എന്നാണ് വീഡിയോയ്ക്ക് ഒരാളുടെ കമന്റ്. ‘നായകൾ സമ്മാനം തരാൻ തീരുമാനിക്കുകയാണെങ്കിൽ എന്ത് ചെയ്യും’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ഇതാണ് എന്റെ സ്വപ്നവിവാഹം’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ദമ്പതികളെ ദൈവം അനു​ഗ്രഹിക്കട്ടെ’ എന്നായിരുന്നു മറ്റൊരു നായസ്നേഹിയുടെ കമന്റ്. എന്തായാലും, സോഷ്യൽ മീഡിയയിൽ നിരവധിപ്പേരെ ആകർഷിക്കാൻ ഈ വീഡിയോയ്ക്ക് കഴി‍ഞ്ഞു എന്നതിൽ സംശയമില്ല.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു