ആലപ്പുഴയിൽ ഒഴുകി നടക്കുന്ന പൊന്തുവള്ളം, ആളില്ല; മത്സ്യബന്ധനത്തിന് പോയ ആളെ കാണാനില്ല, ആരോപണം

ആലപ്പുഴ: ആലപ്പുഴയിൽ കടലില്‍ പൊന്തുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ ആറോടുകൂടി ആലപ്പുഴ ബീച്ചില്‍ കാറ്റാടി ഭാഗത്ത് നിന്ന് പൊന്തുവള്ളത്തില്‍ പോയ തിരുവമ്പാടി വാടക്കല്‍ സേവ്യറിന്‍റെ മകന്‍ ജോണ്‍ ബോസ്‌കോ (ജിമ്മിച്ചന്‍-47)യെയാണ് കാണാതായത്. കരയില്‍ നിന്നും ഒരു കിലോമീറ്ററോളം ദൂരത്ത് പൊന്തുവള്ളത്തില്‍ ജോണ്‍ ബോസ്‌കോ വലയിടുന്നതായി സമീപത്ത് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കണ്ടിരുന്നു.

ഏഴ് മണിയോടെ വള്ളം ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കരയിലുള്ളവരെയും ബന്ധപ്പെട്ടവരെയും വിവരം അറിയിച്ചു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഏഴ് മണിക്ക് കാണാതായ വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചെങ്കിലും തെരച്ചില്‍ ആരംഭിച്ചത് 11 മണിക്ക് ശേഷമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും ഇന്ന് വൈകിട്ട് ആറ് മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തായില്ല. തൊഴിലാളിയെ കാണാതായപ്പോള്‍ തന്നെ ഫിഷറീസ് വകുപ്പ് തെരച്ചില്‍ നടത്തിയെങ്കില്‍ ആളെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു