തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 166 റൺസ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സടിച്ചു. 30 പന്തില്‍ 38 റണ്‍സടിച്ച മുഹമ്മദ് അന്‍ഫലാണ് കാലിക്കറ്റിന്‍റെ ടോപ് സ്കോറര്‍. രോഹന്‍ കുന്നുമ്മല്‍ 13 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ അമീര്‍ഷാ 1 പന്തില്‍ 28 റണ്‍സടിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കാലിക്കറ്റിന് അമീര്‍ഷായും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സടിച്ചുകൂട്ടി. എന്നാല്‍ അഞ്ചാം ഓവറില്‍ അമീര്‍ഷായെ പുറത്താക്കിയ ജെറിന്‍ കാലിക്കറ്റിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രോഹന്‍ കുന്നുമ്മലിനെ മിഥുന്‍ മടക്കി. അതേ ഓവറില്‍ അഖില്‍ സ്കറിയയെ(0) ഗോള്‍ഡന്‍ ഡക്കാക്കിയ മിഥുന്‍ പവര്‍ പ്ലേയില്‍ കാലിക്കറ്റിനെ 66-3ലേക്ക് തള്ളിയിട്ടു.
അജിനാസും മുഹമ്മദ് അന്‍ഫലും ചേര്‍ന്ന് പതിമൂന്നാം ഓവറില്‍ കാലിക്കറ്റിനെ 100 കടത്തി. എന്നാല്‍ പതിനാറാം ഓവറിലെ ആദ്യ പന്തില്‍ അജിനാസിനെ(30 പന്തില്‍ 22) ജോബിന്‍ ജോബി വീഴ്ത്തിയതോടെ കാലിക്കറ്റ് വീണ്ടും പ്രതിരോധത്തിലായി. സച്ചിന്‍ സുരേഷിനെ(10 പന്തില്‍ 18) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന അന്‍ഫലിനെ(30 പന്തില്‍ 38) പത്തൊമ്പതാം ഓവറില്‍ അനൂപ് മടക്കി. കൃഷ്ണ ദേവനും(6 പന്തില്‍ 8*)അഭിാമും(6 പന്തില്‍ 9*) ചേര്‍ന്ന് കാലിക്കറ്റിനെ 165 റണ്‍സിലെത്തിച്ചു. കൊച്ചിക്കായി മിഥുനും ജോബിന്‍ ജോബിയും ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കൊച്ചി നേരത്തെ സെമി ഉറപ്പിച്ചപ്പോള്‍ 10 പോയന്‍റുമായി കാലിക്കറ്റ് രണ്ടാം സ്ഥാനത്താണ്. കൊച്ചി ബ്ലൂ ടൈഗേഴ്സിൽ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നില്ല.