ദിവസവും രണ്ട് മണിക്കൂർ നേരത്തേക്ക് സ്മാർട് ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഒരു നഗരം. അതിന്റെ പേരിൽ
വലിയ വിമർശനമാണ് ടോയോക്കിൽ നിന്നുള്ള അധികൃതർ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഓൺലൈനിനോടുള്ള അമിതമായ അഭിനിവേശവും അടിമത്തവും ഇല്ലാതാക്കാനും സ്ക്രീൻടൈം കുറയ്ക്കാനും ഒക്കെ വേണ്ടിയാണ് അധികൃതർ ഇങ്ങനെ ഒരു നിയമം തന്നെ നിർമ്മിക്കാനൊരുങ്ങുന്നത്. എന്നാൽ, ഇത് വലിയ രീതിയിൽ വിമർശനത്തിന് കാരണമായിത്തീരുകയായിരുന്നു.
ഉറക്ക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിതമായ ഉപയോഗം തടയുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമെന്നാണ് മേയർ മസാഫുമി കോക്കി പറയുന്നത് -ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യമായിട്ടാണ് ജപ്പാനിൽ ഒരിടത്ത് ഇങ്ങനെ ഒരു നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് ചർച്ചകൾ ഉയരുന്നത്. ഇതിന്റെ കരട് നിർദ്ദേശം മുനിസിപ്പൽ അസംബ്ലിയിൽ ചർച്ചയിലാണ് എന്നും പാസായാൽ ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വന്നേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിയമം പ്രാബല്യത്തിൽ വന്നാൽ ഇത് കുട്ടികളെ മാത്രമായിരിക്കില്ല ബാധിക്കുക. മറിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും ചെറിയ കുട്ടികളും രാത്രി 9 മണിക്ക് ശേഷം സ്മാർട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കൗമാരക്കാരും മുതിർന്നവരും രാത്രി 10 മണിക്ക് ശേഷം അവരുടെ സ്മാർട്ട് ഫോൺ പോലെയുള്ള ഉപകരണങ്ങൾ മാറ്റിവെക്കണമെന്നുമാണ് നിർദ്ദേശം.
എന്നാൽ, ഇതിനെതിരെ വലിയ വിമർശനമങ്ങൾ ഉയർന്നുവന്നു. ചിലർ പറഞ്ഞത്, ഇത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് എന്നാണ്. അതേസമയം, മറ്റ് ചിലർ പറഞ്ഞത് ഇത് പിന്തുടരുക സാധ്യമല്ല എന്നാണ്.
ടൊയോക്കെയിൽ 69,000 നിവാസികളാണുള്ളത്. അതിൽ പലർക്കും ഈ നിർദ്ദേശം അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പ്രഖ്യാപനത്തിന് ശേഷം വെറും നാല് ദിവസത്തിനുള്ളിൽ തന്നെ ഉദ്യോഗസ്ഥർക്ക് 83 ഫോൺ കോളുകളും 44 ഇമെയിലുകളുമാണ് ലഭിച്ചത്. അതിൽ 80 ശതമാനം പേരും നടപടിയെ വിമർശിക്കുന്നവയായിരുന്നുവെന്ന് മൈനിച്ചി ഷിംബൺ ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്യുന്നു.