Blood Cancer Awareness Month 2025 : രക്താര്‍ബുദം : ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുത്.
രക്താര്‍ബുദം : ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുത്.
എല്ലാ വർഷവും സെപ്തംബർ രക്താർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നു. രക്താർബുദത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമാണ് ലിംഫോമ. അസ്ഥിമജ്ജയിൽ ഉണ്ടാകുന്ന ഒരിനം അർബുദമാണ് ബ്ലഡ് ക്യാൻസർ അഥവാ രക്താർബുദം.
അസ്ഥിമജ്ജയിൽ ശ്വേതരക്താണുവിന്റെ അമിത ഉൽപാദനം നടക്കുമ്പോഴാണ് അത് അർബുദത്തിലേക്ക് നയിക്കുന്നത്. രക്താർബുദം ഉള്ളവരിൽ അസാധാരണ രക്തകോശങ്ങൾ, സാധാരണ രക്തകോശങ്ങളേക്കാൾ അധികമാകുകയും ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
വേദനയില്ലാത്തതും സ്ഥിരവുമായ ലിംഫ് നോഡ് വീക്കമാണ് ആദ്യത്തെ ലക്ഷണം. കഴുത്തിലോ, കക്ഷത്തിലോ, ഞരമ്പിലോ ഉള്ള ഉറച്ചതും, റബ്ബർ പോലെയുള്ളതും സാധാരണയായി വേദനയില്ലാത്തതുമായ മുഴകൾ ഏതാനും ആഴ്ചകൾക്കപ്പുറം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവ പരിശോധിക്കേണ്ടതാണ്. ഇത് ലിംഫോമയുടെ ഒരു ആദ്യകാല ലക്ഷണമാണ്.
രാത്രിയിൽ അമിതമായി വിയർക്കുന്നതാണ് ആദ്യത്തെ ലക്ഷണം. വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന പനിയും രാത്രിയിൽ വിയർക്കുന്നതും ഹോഡ്ജ്കിൻ ലിംഫോമയിലും നോൺ-ഹോഡ്ജ്കിൻ ലിംഫോമയിലും ഒരുപോലെ അപകടകരമാണ്. ലുക്കീമിയയിലും ഇത് സംഭവിക്കാം.
പെട്ടെന്ന് ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന അപ്രതീക്ഷിത ശരീരഭാരം കുറയൽ നിസാരമായി കാണരുത്.
അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. രക്താർബുദം പലപ്പോഴും സാധാരണ രക്ത രൂപീകരണത്തെ തടയുന്നു. ഇത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇത് ക്ഷീണം, വിളർച്ച, ചർമ്മം വിളറിയിരിക്കുക, വ്യായാമം ചെയ്യുമ്പോൾ ശ്വാസംമുട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു.
മൂക്കിൽ നിന്ന് രക്തസ്രാവം അല്ലെങ്കിൽ മോണയിൽ നിന്ന് രക്തസ്രാവം എന്നിവ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമായി ഡോക്ടർമാർ പറയുന്നു. രക്താർബുദം മൂലമുള്ള പ്ലേറ്റ്ലെറ്റുകളുടെ കുറവ് ചതവ്/രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
അസ്ഥി വേദന അല്ലെങ്കിൽ സ്ഥിരമായ നടുവേദനയാണ് മറ്റൊരു ലക്ഷണം. മൾട്ടിപ്പിൾ മൈലോമ പലപ്പോഴും അസ്ഥി വേദന, ഒടിവുകൾ അല്ലെങ്കിൽ വിട്ടുമാറാത്ത പുറം വേദന എന്നിവയ്ക്ക് കാരണമാകുന്നു.
ഇടയ്ക്കിടെ വരുന്ന അണുബാധകൾ ഒരിക്കലും നിസാരമായി കാണരുത്. ക്ഷീണം, പനി എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് അസാധാരണമായ ആവർത്തിച്ചുള്ള അണുബാധകൾ രക്താർബുദത്തിലെ കുറഞ്ഞതോ പ്രവർത്തനരഹിതമായതോ ആയ വെളുത്ത രക്താണുക്കളെ പ്രതിഫലിപ്പിച്ചേക്കാം.