കനത്ത മഴ, എങ്ങും വെള്ളക്കെട്ട്, 6 മണിക്കൂർ, ഒരു പരാതിയും പറഞ്ഞില്ല; റാപ്പിഡോ ഡ്രൈവർക്ക് നന്ദി പറഞ്ഞ് യുവതി

വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും താണ്ടി തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ച റാപ്പിഡോ ഡ്രൈവറെ പ്രകീർത്തിച്ചു കൊണ്ട് യുവതിയുടെ പോസ്റ്റ്. ഗുരുഗ്രാമിൽ നിന്നുള്ള ദീപിക നാരായൺ ഭരദ്വാജ് എന്ന യുവതിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ​ഗുരു​ഗ്രാമിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടാവുകയും ​ഗതാ​ഗതക്കുരുക്കുണ്ടാവുകയും ചെയ്തപ്പോൾ പരാതിയൊന്നും പറയാതെ ഡ്രൈവർ എങ്ങനെയാണ് തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്.

ആറ് മണിക്കൂർ നീണ്ട ​ഗതാ​ഗതക്കുരുക്കിൽ താൻ കുടുങ്ങിയെന്നും ആ സമയത്ത് റാപ്പിഡോ ഡ്രൈവറായ സൂരജ് മൗര്യയാണ് തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചത് എന്നും ദീപിക പറയുന്നു. ആളൊരു തനിത്തങ്കം തന്നെ എന്നാണ് ദീപികയുടെ അഭിപ്രായം.

‘എന്റെ ഡ്രൈവർ പാർ‌ട്ണറായിരുന്ന സൂരജ് മൗര്യയോട് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ​ഗുരു​ഗ്രാമിലെ ​ഗതാ​ഗതക്കുരുക്കിൽ ആറ് മണിക്കൂറിലധികം അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ, ഒരു പരാതിയും പറഞ്ഞില്ല. ഈ വെള്ളത്തിലൂടെ അദ്ദേഹമെന്നെ വീട്ടിലെത്തിച്ചു. വളരെ മാന്യമായി മാഡത്തിന് എന്താണോ തോന്നുന്നത് ആ പൈസ മാത്രം അധികം മതി എന്നും അദ്ദേഹം പറഞ്ഞു’ – ദീപിക തന്റെ പോസ്റ്റിൽ പറയുന്നു.

 

Hi @rapidobikeapp I want to thank ur driver partner Mr. Suraj Maurya from bottom of my heart. He was with me for 6+ hours because of #GurgaonTraffic but didn’t complain at all. Dropped me home in these waters. Politely said ma’am pay whatever extra u want. ABSOLUTE GEM!! pic.twitter.com/ac2rVJE6KV

— Deepika Narayan Bhardwaj (@DeepikaBhardwaj) September 1, 2025

 

റാപ്പിഡോ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമൻ‌റുകൾ നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്റ്റാർട്ടപ്പാണ് റാപ്പിഡോ ബൈക്കുകളെന്നും അവർക്ക് നന്ദിയെന്നും റാപ്പിഡോയും പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ മഴയെത്തുടർന്ന് ഗുരുഗ്രാമിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാവുകയായിരുന്നു. ന​ഗരത്തിൽ ഗതാഗതം സ്തംഭിച്ചു. കോർപ്പറേറ്റ് ഓഫീസുകളോട് ജീവനക്കാരെ വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. സ്കൂളുകളോട് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും നിർദ്ദേശിച്ചു. ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു