അമേരിക്കയുമായുള്ള വ്യാപാര കരാര്‍; ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി, കൂടുതൽ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കി ഇന്ത്യ

ദില്ലി:അമേരിക്കയുമായുള്ള വ്യാപാര കരാറിനുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഈ വര്‍ഷം നവംബറോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. എന്നാൽ, സമയപരിധി നിശ്ചയിച്ച് ഇത്തരം കരാറുകൾ യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, കൂടുതൽ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. 

ചര്‍ച്ചകള്‍ക്കായി സിംഗപ്പൂർ പ്രധാനമന്ത്രി ദില്ലിയിലെത്തി. ഇന്നലെ രാത്രിയോടെയാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറൻസ് വോങ് ദില്ലിയിലെത്തിയത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടക്കും. ഇന്ന് ഇന്ത്യയിലെ വ്യവസായികളുമായി വോങ് ചർച്ച നടത്തും. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വൈകിട്ട് വോങുമായി കൂടിക്കാഴ്ച നടത്തും. യുഎസ് താരിഫ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വോങുമായി ചർച്ച നടത്തും. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാൻ അമേരിക്ക സമ്മര്‍ദ്ദം തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബാരലിന് നാല് ഡോളർ വരെ കുറച്ചുവെന്നാണ് റിപ്പോർട്ട്. 

ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു