‘പരം സുന്ദരി’യിൽ ആൾക്കൂട്ടത്തിനിടയിൽ പ്രിയ വാര്യർ; ‘ജാൻവിക്ക് പകരം നായികയാക്കിയിരുന്നേൽ നന്നായേനെ’യെന്ന് സോഷ്യൽ മീഡിയ

തുഷാർ ജലോട്ട സംവിധാനം ചെയ്ത് സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥപാത്രങ്ങളായെത്തിയ ‘പരം സുന്ദരി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസിന് മുന്നെ തന്നെ തെന്നിന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു പരം സുന്ദരി. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലെ പേര് പരം സച്ച്ദേവ് എന്നാണ്. ജാന്‍വിയുടെ കഥാപാത്രത്തിന്‍റെ പേര് ദേഖ്പട്ട സുന്ദരി ദാമോദരം പിള്ള എന്നുമാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു പ്രധാനമായും ട്രോളുകൾ ഇറങ്ങിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിൽ ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റായി നടിയും മോഡലുമായ പ്രിയ. പി വാര്യർ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു അടാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ അന്യഭാഷകളിലും വലിയ ഫാൻസുള്ള താരം കൂടിയാണ് പ്രിയ വാര്യർ. അതുകൊണ്ട് തന്നെ പരം സുന്ദരിയിൽ പ്രിയയെ കണ്ട ഫാൻസ്‌ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കൂടിയാണ് വഴിതുറന്നിരിക്കുന്നത്. ചിത്രത്തിൽ ജാൻവി കപൂറിന് പകരം യഥാർത്ഥത്തിൽ മലയാളിയായ പ്രിയയെ നായിക ആക്കിയിരുന്നേൽ നല്ലതാവുമായിരുന്നു എന്നാണ് കമന്റുകൾ വരുന്നത്.

    View this post on Instagram           

A post shared by Manoranjankul (@manoranjankul)

 

എന്നാൽ ഇത്രയും വലിയ ഫാൻസുള്ള താരമായിരുന്നിട്ടും ഇത്തരം വേഷങ്ങൾ ചെയ്യാൻ മനസ് കാണിച്ച പ്രിയയെ പോലുള്ള താരങ്ങൾ ബോളിവുഡിൽ ഇല്ല എന്നാണ് ആളുകൾ പറയുന്നത്. എന്തായാലും ജാൻവി കപൂർ ദേഖ്പട്ട സുന്ദരി ദാമോദരം പിള്ളയായി എത്തിയ പരം സുന്ദരി പ്രിയയുടെ ഈ രംഗംകൊണ്ട് വീണ്ടും ചർച്ചകളിലും ട്രോളുകളിലും ഇടം നേടുകയാണ്.

അതേസമയം പരം സുന്ദരിയുടെ ഓപ്പണിംഗ് കളക്ഷൻ ഇന്ത്യയില്‍ 7.25 കോടി രൂപയായിരുന്നു. രണ്ടാം ദിവസത്തെ കളക്ഷൻ 9.25 കോടി രൂപയും. അങ്ങനെ ആകെ നെറ്റ് കളക്ഷൻ 16.5 കോടി രൂപയാണ് ഇന്ത്യയില്‍. എന്നാല്‍ ഇന്ത്യയില്‍ ഗ്രോസ് കളക്ഷൻ 19 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രമായി ഏഴ് കോടിയും പരം സുന്ദരി നേടിയാണ് ആകെ നേട്ടം 26 കോടി രൂപയില്‍ എത്തിയത്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരം സുന്ദരി റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സഞ്‍ജയ് കപൂര്‍, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ ശങ്കര്‍, മനോജ് സിംഗ്, അഭിഷേക് ബാനര്‍ജി, തൻവി റാം, ഗോപിക മഞ്‍ജുഷ, ആനന്ദ് മൻമഥൻ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം സന്താന കൃഷ്‍ണൻ രവിചന്ദ്രനും സംഗീതം സച്ചിൻ- ജിഗാര്‍ എന്നിവരുമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു