മൂന്ന് അബോഷന് ശേഷം ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ കുട്ടിയാണ് ഞാൻ, ആറ്റുനോറ്റ് ഉണ്ടായ കുട്ടി: നൂറ പറയുന്നു

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മുപ്പത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനകം പല മത്സരാർത്ഥികളും പ്രേക്ഷകരുടെ പ്രീയം നേടി കഴിഞ്ഞു അല്ലെങ്കിൽ ശ്രദ്ധനേടി കഴിഞ്ഞു. അക്കൂട്ടത്തിലൊരാളാണ് ആദില-നൂറ. ഇരുവരും രണ്ട് വ്യക്തികളാണെങ്കിലും ഒരു മത്സരാർത്ഥിയായിട്ടായിരുന്നു ബി​ഗ് ബോസിൽ ആദ്യം എത്തിയത്. എന്നാൽ നിലവിൽ ഇരുവരും രണ്ട് മത്സരാർത്ഥികളാണ്. ബി​ഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസ് കൂടിയാണ് ഇവർ.

ആദ്യമെല്ലാം ഒഴുക്കൻ മട്ടിലായിരുന്ന ആദിലയും നൂറയും ഇപ്പോൾ കളി അറിഞ്ഞ് കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്തുണയും ഏറെയാണ്. പ്രത്യേകിച്ച് നൂറയ്ക്ക്. ഇപ്പോഴിതാ തന്റെ ജീവിത കഥ പറഞ്ഞിരിക്കുകയാണ് നൂറ. ഉപ്പയ്ക്കും ഉമ്മയ്ക്കും ആറ്റുനോറ്റുണ്ടായ കുട്ടിയാണ് താനെന്നും അങ്ങനെ ആയിരുന്നു അവർ വളർത്തിയതെന്നും നൂറ പറയുന്നു.

“ഉപ്പയ്ക്ക് സൗദിയിൽ സൂപ്പർ മാർക്കറ്റാണ്. എന്റെ പേര് തന്നെയാണ് സൂപ്പർ മാർക്കറ്റിന്. മൂന്ന് അബോഷന് ശേഷം ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ കുട്ടിയാണ് ഞാൻ. അത്രയും ആറ്റുനോറ്റ് ഉണ്ടായ കുട്ടിയാണ്. നിലത്തും വയ്ക്കില്ല തലയിലും വയ്ക്കില്ലെന്ന് കണക്കെയാണ് വളർത്തിയത്. എല്ലാ കാര്യങ്ങളും ഞാൻ പങ്കുവയ്ക്കുന്നയാൾ ഉപ്പയായിരുന്നു. മോള് വലിയ നിലയിൽ എത്തണം, ജോലി കിട്ടണം എന്നൊക്കെ ആയിരുന്നു ആ​ഗ്രഹം. പിന്നെ ഞാനും ആദിലയും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ പുള്ളിക്ക് ബുദ്ധിമു‌ട്ടായി. ഈ ഒരു ബന്ധം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അത് മനസിലാക്കാൻ പറ്റും. ഞാൻ ഉപ്പയോട് ഇതേപറ്റി കുറേതവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ അവളെ അം​ഗീകരിക്കരുത്, വൃത്തികെട്ട ലൈഫാണ് എന്നൊക്കെ ഉപ്പയോട് പറഞ്ഞ് വഴിതിരിച്ച് വിട്ടുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉപ്പ ആദ്യമായി വാങ്ങിത്തന്ന ഡയമണ്ട് നെക്ലെസുമായാണ് ഞാൻ വീട് വിട്ടിറങ്ങുന്നത്. ആദിലയെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇഷ്‌ടം ഉണ്ടാവില്ല. അതുകൊണ്ട് ആ നെക്ലെസ് അവൾക്ക് കൊടുത്തു.

പെൺകുട്ടിയാണ്, എവിടെയും എത്തില്ല, പെട്ടെന്ന് കെട്ടിച്ച് വിടാം എന്നെല്ലാം കേട്ട് വളർന്ന ആളാണ് ഞാൻ. ഇപ്പോൾ ഞാനും ആദിലയും ആണ് എന്റെ പേഴ്സണൽ ലൈഫ്. മാതാപിതാക്കളെല്ലാവരും എതിർപ്പാണ്. അനിയനും അനിയത്തിമാർക്കും ഈ റിലേഷൻ ഓക്കെയാണ്. പക്ഷേ ഉപ്പക്കും ഉമ്മക്കും ഇഷ്ടമില്ലാത്തത് കൊണ്ട് എന്നോട് സംസാരിക്കരുത്, ഞാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞ് കൊടുത്തിട്ടുണ്ട്”, എന്നായിരുന്നു നൂറ പറഞ്ഞത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു