കൊച്ചി : യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരള പോലീസിനും സർക്കാരിനുമെതിരെ ‘സിനിമാ സ്റ്റൈലിൽ’ വിമർശനവുമായി കെ എസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ‘ജോർജ് സാറിന്റെ പണി കേരള പോലീസ് എടുത്താൽ, ബെൻസിന്റെ പണി ഞങ്ങൾ എടുക്കും….!’എന്നാണ് തുടരും സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ച് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചത്.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വി.എസിന് ക്രൂര മർദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ സുജിത്തിനെ, വഴിയിൽ കൂട്ടുകാരുമായി നിൽക്കവെ ഭീഷണിപ്പെടുത്തിയ പോലീസിനെ ചോദ്യം ചെയ്തതിനാണ് എസ്.ഐ നുഹ്മാന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചത്. ഷർട്ട് ഊരിമാറ്റിയ നിലയിൽ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനകത്ത് വെച്ച് പോലീസുകാർ വളഞ്ഞിട്ട് മർദിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
മർദനത്തിന് ശേഷം സുജിത്തിനെതിരെ കള്ളക്കേസെടുക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. എന്നാൽ, മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എസ്. ഐ അടക്കം നാല് പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അലോഷ്യസ് സേവ്യറിന്റെ കുറിപ്പ് ..
പിടിച്ച കൊടിയും വിളിച്ച മുദ്രാവാക്യവുമാണ് അവരുടെ പ്രശ്നം.
കെ എസ് യു മുതൽ യൂത്ത് കോൺഗ്രസ്സും കോൺഗ്രസുമുൾപ്പെടെ ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചു എന്നതുകൊണ്ടും
ഈ പ്രസ്ഥാനത്തിനായി പ്രവർത്തിച്ചു എന്നതുകൊണ്ടും
എത്ര മനുഷ്യരാണ് നാളിതുവരെ വേട്ടയാടപ്പെട്ടത്?
ഈ രാജ്യത്തും ഈ സംസ്ഥാനത്തും സ്ഥിതി മറിച്ചല്ല.
എത്ര കോൺഗ്രസുകാരാണ് കഴിഞ്ഞ 9 വർഷക്കാലം കൊണ്ട് കേരളത്തിൽ പിണറായി പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായത്?
അതിൽ ഏറ്റവും ക്രൂരവും മൃഗീയവുമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് നേരിടേണ്ടി വന്നത്.
പിണറായി-സംഘപരിവാർ ഗുണ്ടാ പോലീസ് സുജിത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുന്നുണ്ട്.
ഒടുവിൽ നീണ്ട രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്.
ഈ ഈ ദൃശ്യത്തിലുള്ള മനുഷ്യമൃഗങ്ങളൊന്നും പൊലീസുകാരല്ല.
കാക്കിക്കുള്ളിലെ രക്ത ദാഹികളായ ക്രിമിനലുകളാണ്.
സാധാരണകാരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ചുമതലപ്പെടുത്തിയവരല്ലേ പോലീസ്?
എങ്ങനെയാണ് ഇത്തരം നീചരെ പൊതുജനം മുഖവിലക്കെടുക്കുക?
കലാകാലങ്ങളായി ഇത്തരം കാക്കിയിട്ട ഗുണ്ടാ സംഘങ്ങളെ വെള്ളവും വളവും നൽകി വളർത്തുന്നതും സംരക്ഷിക്കുന്നതും സി.പി.എമ്മും പിണറായി വിജയനുമാണ്.
ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമായി വ്യാഖ്യാനിച്ച മുഖ്യമന്ത്രി ശ്രീമാൻ വിജയൻ ഈ ദൃശ്യങ്ങൾ
കാണണം.
എന്നിട്ട് ഈ നാടിനോട് മറുപടി പറയണം.
ഈ നരാധമന്മാരായ കാപാലികരെ ഇനി ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത്.
നട്ടെല്ലുണ്ടെങ്കിൽ ഈ നാട്ടിലെ ജനാധിപത്യ സംഹിതയോട് ഒരൽപ്പം കൂറ് ബാക്കിയുണ്ടെങ്കിൽ
ഉളുപ്പുണ്ടെങ്കിൽ
ഇന്നു തന്നെ കർശന നടപടിയെടുക്കണം.
മറിച്ച് ക്രിമിനലുകളെയും ഇഷ്ടക്കാരെയും സംരക്ഷിക്കുന്ന നിങ്ങളുടെ പതിവുരീതി തുടരാനാണ് ഭാവമെങ്കിൽ
ഈ തെരുവിൽതന്നെ നിങ്ങളെകൊണ്ടും ഈ ക്രിമിനൽ സംഘത്തെകൊണ്ടും മറുപടി പറയിക്കാൻ തന്നെയാണ് തീരുമാനം