മണിപ്പൂർ അതിർത്തിക്കടുത്തുള്ള വടക്കൻ മിസോറാമിലെ ഒരു ഗുഹയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെടുത്തു. തലയോട്ടികളും തുടയെല്ലുകളും ഉൾപ്പെടെയുള്ള 700 വർഷത്തിലേറെ പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ഇത് മിസോ ജനതയുടെ ചരിത്രത്തെത്തന്നെ പുനർനിർവചിച്ചേക്കാമെന്നാണ് ഹെറിറ്റേജ് കൺസർവേഷൻ ഓർഗനൈസേഷനായ ഇൻടാക് പറയുന്നത്.
സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള അസ്ഥികളുടെ റെക്കോർഡ് ഈ കണ്ടെത്തൽ തകർക്കുന്നുവെന്നാണ് ഇന്ത്യൻ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് മിസോറാം ചാപ്റ്ററിന്റെ കൺവീനർ റിൻ സംഗ പത്രസമ്മേളനത്തിൽ പറഞ്ഞത്. മിസോറാമിന്റെ ചരിത്രത്തെ പുനഃപരിശോധിക്കുന്നതിന് വേണ്ടി അസ്ഥികൂടങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത് എന്നാണ് സംഗ പറയുന്നത്.
കണ്ടെത്തിയവയിൽ മനുഷ്യരുടെ ഒമ്പത് തലയോട്ടികൾ, നിരവധി തുടയെല്ലുകൾ, മറ്റ് അസ്ഥികൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ, കത്തി, തകർന്ന കലങ്ങളുടെ കഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പുരാവസ്തുക്കളും സ്ഥലത്ത് നിന്ന് കണ്ടെത്തി എന്നും സംസ്ഥാന കലാ സാംസ്കാരിക വകുപ്പിലെ പുരാവസ്തു ഗവേഷകയായ വൻലഹുമ സിംഗ്സൺ പറയുന്നത്.
സൈതുവൽ ജില്ലയിലെ നോർത്ത് ഖാവ്ലെക് ഗ്രാമത്തിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയായിട്ടുള്ള തിങ്ഖുവാങ് വനമേഖലയിൽ വളരെ ഉയരമുള്ള പ്രദേശത്തെ ഒരു ഗുഹയിൽ കുഴിച്ചിട്ട നിലയിലാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതിന് 1,260 CE -നും 1,320 -CE നും ഇടയിലാണ് പഴക്കം എന്ന് കാർബൺ ഡേറ്റിംഗ് പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരി 11 -ന് തിങ്ഖുവാങ് വനത്തിൽ വേട്ടയാടാൻ പോയ ഒരു പ്രദേശവാസിയാണ് ഇവ കണ്ടെത്തിയതെന്ന് സംഗ പറയുന്നു. ഇയാൾ പിന്നീട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവരാണ് ഇൻടാക്കിനെ സമീപിക്കുന്നത്. ഇൻടാക് കലാസാംസ്കാരിക വകുപ്പിന്റെ സഹായം തേടുകയും മെയ് 2 -ന് ഒരു പുരാവസ്തു ഗവേഷകനെയും വിദഗ്ദ്ധനെയും സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,228 മീറ്റർ ഉയരത്തിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ ഗുഹയെന്നും മലയിടുക്കിലായതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകില്ലെന്നും പുരാവസ്തു ഗവേഷകൻ വൻലഹുമ സിംഗ്സൺ പിടിഐയോട് പറഞ്ഞു.
നേരത്തെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ളതിനേക്കാൾ വളരെ അധികം വർഷങ്ങൾ പഴക്കമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അസ്ഥികൾ. അതിനാൽ തന്നെ മിസോറാമിലെ ജനതയെ കുറിച്ചും ചരിത്രത്തെ കുറിച്ചും പുതിയ പല കാര്യങ്ങളും കണ്ടെത്താനും പുനഃപരിശോധിക്കാനും ഇത് സഹായിക്കും എന്നാണ് കരുതുന്നത്.