ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തില്‍ 176 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു. പതും നിസ്സങ്ക (32 പന്തില്‍ 55), കാമിന്ദു മെന്‍ഡിസ് (16 പന്തില്‍ 41) എന്നിവരുടെ ഇന്നിംഗ്സുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയെ ബ്രയാന്‍ ബെന്നറ്റാണ് (57 പന്തില്‍ 51) മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത്. ദുശ്മന്ത ചമീര ശ്രീലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ നിസ്സങ്ക – കുശാല്‍ മെന്‍ഡിസ് (38) സഖ്യം 96 റണ്‍സ് ചേര്‍ത്തു. 11-ാം ഓവറില്‍ മാത്രമാണ് ആതിഥേയര്‍ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. നിസ്സങ്ക പുറത്തായി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തുടര്‍ന്ന് നാല് വിക്കറ്റുകള്‍ ലങ്കയ്ക്ക് വേഗത്തില്‍ നഷ്ടമായി. കുശാന്‍ മെന്‍ഡിസ്, കുശാല്‍ പെരേര (4), നുവാനിഡു ഫെര്‍ണാണ്ടോ (7), ചരിത് അസലങ്ക (1) എന്നിവരാണ് മടങ്ങിയത്.
ഇതോടെ ലങ്ക, നാലിന് 106 എന്ന നിലയിലായി. ദസുന്‍ ഷനക (6) കൂടി മടങ്ങിയെങ്കിലും കാമിന്ദു (41) – ദുശന് ഹേമന്ദ (14) സഖ്യം ലങ്കയെ വിജയത്തിലേക്ക് നയിച്ചു. റിച്ചാര്‍ഡ് ഗവാര സിംബാബ്വെയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.ൃ നേരത്തെ സിംബാബ്വെ നിരയില്‍ ബെന്നറ്റ് അല്ലാതെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സിക്കന്ദര്‍ റാസ (28), റയാന് ബേള്‍ (17), തഷിങ്ക മുസെകിവ (11), സീന്‍ വില്യംസ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ചമീരം ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.