തമിഴ് സൂപ്പര്‍ താരം വിജയിയുടെ അവസാന ചിത്രം ‘ജനനായകന്’ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്കി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നിരുന്നു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. നിശ്ചിത തീയതിയില്‍ റിലീസ് തടയാനുള്ള അന്യായ നീക്കമാണിതെന്നായിരുന്നു വാദം.
കേസില്‍ സെന്‍സര്‍ ബോര്‍ഡിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പരാതികള്‍ ചട്ടവിരുദ്ധമാണെന്നും, റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനില്ലെന്നും കോടതി വ്യക്തമാക്കി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രദര്‍ശനം തടഞ്ഞതെന്നും കോടതി അഭിപ്രായപ്പെട്ടു. വിജയ് ഓണ്‍ലൈനായി കോടതി നടപടികളില്‍ പങ്കെടുത്തു.
അതേസമയം, വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
