2025 ജനുവരിയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലാണ് സാംസങ് ഗാലക്‌സി എസ് 25 സീരിസ് അവതരിപ്പിച്ചത്. എന്നാൽ, ഗാലക്‌സി എസ് 26 അൾട്ര ഉൾപ്പെടുന്ന അടുത്ത തലമുറ ഗാലക്‌സി എസ് 26 സീരിസ് ഇത്തവണ അല്പം വൈകിയാണ് പുറത്തിറങ്ങുകയെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ലഭ്യമായ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഗാലക്‌സി എസ് 26 സീരിസിന്റെ ലോഞ്ച് ഫെബ്രുവരി അവസാന വാരത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി, സാംസങിന്റെ വരാനിരിക്കുന്ന അൾട്രാ-പ്രീമിയം ഫ്ലാഗ്ഷിപ്പിനെ കുറിച്ച് നിരവധി ചോർച്ചകളും കിംവദന്തികളും പുറത്തുവരുന്നുണ്ട്. കൂടുതൽ തിളക്കവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന M14 OLED പാനൽ, അടുത്ത തലമുറ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് തുടങ്ങിയ പ്രധാന അപ്‌ഗ്രേഡുകളോടെയായിരിക്കും ഗാലക്‌സി എസ് 26 അൾട്ര എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാംസങ് ഗാലക്‌സി എസ് 26 അൾട്ര: ലോഞ്ച് തീയതിയും വിൽപ്പനയും
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വിവിധ റിപ്പോർട്ടുകൾ പ്രകാരം, സാംസങിന്റെ വാർഷിക ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് 2026 ഫെബ്രുവരി 25ന് നടക്കാനാണ് സാധ്യത. ഈ ഇവന്റിൽ കമ്പനി പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും മറ്റ് ആക്‌സസറികളും അവതരിപ്പിച്ചേക്കും. പ്രശസ്ത ചൈനീസ് ടെക് ലീക്കറായ ഐസ് യൂണിവേഴ്‌സ് (@UniverseIce) പറയുന്നതനുസരിച്ച്, ഗാലക്‌സി എസ് 26 സീരിസ് ഈ ദിവസം തന്നെ യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ അവതരിപ്പിക്കും. മാർച്ച് ആദ്യ വാരത്തോടെ വിൽപ്പന ആരംഭിക്കുമെന്നാണ് സൂചന. ഈ തീയതി “100 ശതമാനം ശരിയാണ്” എന്ന അവകാശവാദവുമായി ടിപ്‌സ്റ്റർ ഇവാൻ ബ്ലാസും രംഗത്തെത്തിയിട്ടുണ്ട്.
സാംസങിന്റെ മുൻകാല ലോഞ്ച് ട്രെൻഡുകൾ പരിശോധിക്കുമ്പോൾ, അൺപാക്ക്ഡ് ഇവന്റിന് ഏകദേശം രണ്ടാഴ്ചയ്ക്കുശേഷമാണ് ഫോണുകൾ റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാകുന്നത്. അതിനാൽ മാർച്ച് പകുതിയോടെ ഗാലക്‌സി എസ് 26 അൾട്ര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. യുഎസിൽ പ്രധാന ഗാലക്‌സി ഇവന്റുകൾ സംഘടിപ്പിക്കുന്ന പതിവ് തുടരുന്നതിനാൽ, സാൻ ഫ്രാൻസിസ്കോ തന്നെയായിരിക്കും വേദിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാംസങ് ഗാലക്‌സി എസ് 26 അൾട്ര: ചോർന്ന സ്പെസിഫിക്കേഷനുകൾ
സാംസങ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, വലിയ ഡിസൈൻ മാറ്റങ്ങളേക്കാൾ ഡിസ്‌പ്ലേ കാര്യക്ഷമത, ക്യാമറ പ്രകടനം, ബാറ്ററി ലൈഫ്, ചാർജിങ് വേഗത തുടങ്ങിയ മേഖലകളിലാണ് ഈ തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചോർച്ചകൾ സൂചിപ്പിക്കുന്നു.
ഡിസ്‌പ്ലേ:
ഗാലക്‌സി എസ് 26 അൾട്രയിലെ ഏറ്റവും ശ്രദ്ധേയമായ അപ്‌ഗ്രേഡുകളിൽ ഒന്നായിരിക്കും ഡിസ്‌പ്ലേ. എസ് 25 അൾട്രയിൽ ഉപയോഗിച്ച M13 OLED പാനലിനെക്കാൾ 20–30 ശതമാനം കൂടുതൽ പവർ-എഫിഷ്യൻറായ M14 OLED പാനൽ ഇതിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉയർന്ന ബ്രൈറ്റ്നസിനേക്കാൾ മികച്ച ബാറ്ററി ഒപ്റ്റിമൈസേഷനാണ് സാംസങ് ലക്ഷ്യമിടുന്നത്.
ഡിസൈൻ:
ഡിസൈൻ ഭാഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഫോൺ കൂടുതൽ സ്ലിം ആയിരിക്കുമെന്നാണ് സൂചന. ഏകദേശം 7.9 മില്ലീമീറ്റർ കനം മാത്രമായിരിക്കും എസ് 26 അൾട്രയ്ക്ക്, ഇത് എസ് 25 അൾട്രയുടെ 8.2 മില്ലീമീറ്ററിനെക്കാൾ കുറവാണ്. കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ വലിയ അപ്പർച്ചറുകൾ ഉപയോഗിക്കുന്നതിനാൽ, ക്യാമറ ബമ്പ് ശ്രദ്ധേയമായി തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിപ്‌സെറ്റ്:
ഗാലക്‌സി എസ് 26 അൾട്ര ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. 2nm പ്രോസസിൽ നിർമ്മിക്കുന്ന ‘ഫോർ ഗാലക്‌സി’ കസ്റ്റം പതിപ്പായിരിക്കാം ഇത്. പ്രകടനത്തിലും പവർ എഫിഷ്യൻസിയിലും വലിയ മുന്നേറ്റം ഇതിലൂടെ സാധ്യമാകും. 10.7Gbps വരെ ക്ലോക്ക് ചെയ്ത LPDDR5X റാം ഫോണിൽ ഉൾപ്പെടുമെന്നും, ഇത് ഷട്ടർ ലാഗ് കുറയ്ക്കാനും മൾട്ടി-ഫ്രെയിം ഇമേജ് പ്രോസസ്സിങ് മെച്ചപ്പെടുത്താനും സഹായിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബാറ്ററിയും ചാർജിങും:
നാളുകളായി മാറ്റമില്ലാതെ തുടരുന്ന ബാറ്ററി ശേഷിയിൽ ഇത്തവണ വർധനവുണ്ടാകുമെന്നാണ് സൂചന. 5,100mAh മുതൽ 5,400mAh വരെ ശേഷിയുള്ള ബാറ്ററി എസ് 26 അൾട്രയിൽ ഉൾപ്പെടുത്തിയേക്കാം. ചാർജിങ് വേഗതയിലും മെച്ചപ്പെടുത്തൽ പ്രതീക്ഷിക്കാം. നിലവിൽ 45W വയർഡ് ചാർജിങ് പിന്തുണയുള്ള സാംസങ്, പുതിയ മോഡലിൽ 60W വയർഡ് ചാർജിങ് അവതരിപ്പിച്ചേക്കുമെന്നാണ് ചോർച്ചകൾ.
ലാബ് പരിശോധനകളിൽ, ഏകദേശം 30 മിനിറ്റിനുള്ളിൽ ഫോണിന് 0 മുതൽ 75 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഐസ് യൂണിവേഴ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
