ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് മലേഷ്യയും ഇന്തോനേഷ്യയും വിലക്കേർപ്പെടുത്തി. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യ രാജ്യങ്ങളായി മലേഷ്യയും ഇന്തോനേഷ്യയും മാറി.
അതേസമയം, യുകെയിലും ഗ്രോക്കിനെ വിലക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ‘എക്സ്’ (മുൻ ട്വിറ്റർ) എന്ന പ്ലാറ്റ്ഫോമിന്റെ പേരിൽ ബ്രിട്ടന്റെ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്കോം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാണ് ഇലോൺ മസ്കിന്റെ ആരോപണം.
ഗ്രോക്ക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ സൃഷ്ടിക്കുന്നതായും, ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഗുരുതരമായി ബാധിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ നിരവധി പരാതികൾ ഉയരുന്നുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്രോക്കിനോട് വിശദീകരണം തേടിയിരുന്നു.
ഗ്രോക്ക് ഉപയോഗിച്ച് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിർമ്മിച്ചാലോ അതിന് പ്രോംപ്റ്റ് നൽകിയാലോ, അത്തരം പോസ്റ്റുകൾ നേരിടുന്ന അതേ നിയമപരമായ പ്രത്യാഘാതങ്ങൾ തന്നെ ഉപയോക്താക്കൾക്കും ബാധകമാകുമെന്ന് മസ്ക് മുൻപ് വ്യക്തമാക്കിയിരുന്നു.
