പശ്ചിമ ബംഗാളിലെ ബാരാസിലുള്ള സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 120 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് വിവരം.
സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
