‘ചന്ദ്രയുടെ കുതിപ്പ് തുടരട്ടെ’; ‘കാന്ത’യുടെ റിലീസ് നീട്ടിവെച്ച് വേഫേറർ ഫിലിംസ്

Lokah - Chapter : 1 Chandra

തെന്നിന്ത്യൻ സിനിമയിൽ മികച്ച വിജയം സ്വന്തമാക്കികൊണ്ട് മുന്നേറുകയാണ് ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ മൂവിയായെത്തിയ ലോകയ്ക്ക് വമ്പൻ പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ലോക നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ലോകയുടെ വമ്പൻ വിജയത്തിന് പിന്നാലെ ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ‘ലോക’യുടെ ഉജ്ജ്വല വിജയത്തോടെ, ബോക്‌സ് ഓഫീസിൽ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനാൽ, കാന്തയുടെ റിലീസ് തീയതി ഞങ്ങൾ മാറ്റിവെക്കുന്നുവെന്നും ഉടനെ തിയേറ്ററുകളിൽ കാണാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് കാന്ത നിർമ്മിച്ചിരിക്കുന്നത്.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ് ആണ് കാന്തയുടെ സംവിധായകൻ. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ – ശബരി.

ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുന്ന ‘ലോക’

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു