കോഴിക്കോട്: മുതിർന്ന കോണ്ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ വേർപാടിൽ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിപി തങ്കച്ചൻ്റെ വേർപാട് ഒരുപാട് വേദന ഉണ്ടാക്കുന്നുവെന്ന് സതീശൻ പറഞ്ഞു. തങ്കച്ചൻ ഞങ്ങൾക്ക് പിതൃതുല്യനായ നേതാവായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. നേതൃനിരയിൽ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു പിപി തങ്കച്ചൻ. എല്ലാവരെയും ചേർത്തുപിടിച്ചു. പാർട്ടി വളർത്താൻ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തുവെന്നും വിഡി സതീശൻ കോഴിക്കോട്ട് പറഞ്ഞു. ഇന്ന് വൈകുന്നേരം 4.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തങ്കച്ചൻ്റെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
പിപി തങ്കച്ചന്റെ വേർപാട് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഞങ്ങളുടെയൊക്കെ ആദരണീയനായ നേതാവാണ് അദ്ദേഹം. ജനഹൃദയത്തിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു. സ്പീക്കറായും മന്ത്രിയായും യുഡിഎഫ് നേതൃനിരയിലും വിശ്വാസ്യതയോടെ പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവാണ് പിപി തങ്കച്ചൻ എന്ന് ഷാഫി പറമ്പിൽ എംപി അനുസ്മരിച്ചു. നേതാക്കൾക്ക് യോജിക്കാനുള്ള ഇടമായിരുന്നു. പ്രവർത്തകരെ ചേർത്തുപിടിച്ച നേതാവായിരുന്നു. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാർട്ടി താൽപര്യത്തിന് പ്രാമുഖ്യം നൽകിയ നേതാവായിരുന്നു. പാർട്ടിയെക്കാൾ വലുതല്ല മറ്റൊന്നും അടിയുറച്ച് വിശ്വസിച്ച നേതാവായിരുന്നു പിപി തങ്കച്ചനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.