മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ ഗുരുതര ആരോപണങ്ങളും കടുത്ത ആഭ്യന്തര തർക്കങ്ങളും ഉയർന്നതിനെ തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവെച്ചു. നടൻ ബാബുരാജ് ഉൾപ്പെടെയുള്ള ചിലർക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ശ്വേത സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം രാജി പ്രഖ്യാപിച്ചത്.
ആരോപണവിധേയരായ ചിലർ ഗൂഢാലോചന നടത്തി തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്നും, മുൻ ഭാരവാഹികളുടെ കാലത്തെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. “ആരുടെയും പാവയാകാൻ ഞാൻ തയ്യാറല്ല” എന്നായിരുന്നു രാജിക്ക് പിന്നാലെ അവരുടെ പ്രതികരണം.
ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗം വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച തർക്കത്തെ തുടർന്ന് സംഘർഷഭരിതമായി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച റിപ്പോർട്ടിലെ സാമ്പത്തിക വിവരങ്ങളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരുള്പ്പെടെയുള്ള പ്രമുഖർ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തു.
കണക്കുകളിൽ പിഴവുകൾ ഉണ്ടെന്ന ആരോപണവുമായി രഞ്ജി പണിക്കരും രംഗത്തെത്തിയതോടെ യോഗം കൂടുതൽ വഷളായി. വിഷയം വിശദമായി പരിശോധിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടെങ്കിലും അഭിപ്രായഭിന്നതകൾ തുടർന്നു.
ഉച്ചയ്ക്കുശേഷവും റിപ്പോർട്ട് പാസാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത വേദിയിലെത്തി രാജി സന്നദ്ധത അറിയിച്ചത്. അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങൾക്കിടെയായിരുന്നു ഈ പ്രഖ്യാപനം. തുടർന്ന് മുതിർന്ന അംഗങ്ങൾ ശ്വേതയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവവികാസങ്ങൾക്കൊടുവിൽ ഭരണസമിതി ഒന്നാകെ രാജിവെക്കുകയായിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 17 അംഗങ്ങൾ രാജിവെച്ചത്.
ഇതിനിടെ, സംഘടനയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ രൂപീകരിക്കാനാണ് ആലോചന. മുതിർന്ന നടൻ ജഗദീഷ് പുതിയ താൽക്കാലിക ഭരണസമിതിയെ നിശ്ചയിക്കുമെന്നാണ് സൂചന. നടൻ ഗണേഷ് കുമാർ അഡ്ഹോക്ക് കമ്മിറ്റിക്ക് നേതൃത്വം നൽകുമെന്നും രമേശ് പിഷാരടി ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിൽ അംഗങ്ങളാകുമെന്നും റിപ്പോർട്ടുകളുണ്ട്.
