വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്തു, മുഖ്യപ്രതി അറസ്റ്റിൽ

Virtual Arrest

കോഴിക്കോട്: കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ആറ് മാസം മുൻപാണ് തട്ടിപ്പ് നടന്നത്. കൊയിലാണ്ടി സ്വദേശിയായ റിട്ടയേർഡ് അധ്യാപികക്കാണ് പണം നഷ്ടമായത്.

ഇൻകം ടാക്സ് വിഭാഗത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം ടീച്ചറെ ബന്ധപ്പെടുന്നത്. കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും രേഖകൾ പരിശോധിക്കുന്നതിനായി വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 13 മുതൽ 15 വരെ മൂന്ന് ദിവസമാണ് വയോധികയെ സംഘം വെർച്വൽ തടവിലാക്കിയത്. ടീച്ചറുടേയും മകന്റേയും അക്കൗണ്ടുകളിൽ നിന്നായി 18 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടമായ വിവരം അറിഞ്ഞ മകനാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ രണ്ടു പേർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് തട്ടിപ്പിന്റെ ആസൂത്രകൻ സൽമാനാണെന്ന് വ്യക്തമായത്.

താമരശ്ശേരി ഈങ്ങാപ്പുഴയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിലും പ്രതിയാണ് സൽമാൻ. ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ വിദേശത്തേക്ക് കടന്നിരുന്നു. രണ്ട് കേസിലും പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ചു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു