കുട്ടികളുടെ എഴുത്തുകാരനിൽ ശ്രദ്ധേയനാണ് റോബർട്ട് മഞ്ച്. ഇപ്പോഴിതാ കാനഡയിൽ ‘ദയാവധ’ത്തിന് അദ്ദേഹത്തിന് അനുമതി ലഭിച്ചതാണ് വാർത്തയാവുന്നത്. ദി പേപ്പർ ബാഗ് പ്രിൻസസ്, ലവ് യു ഫോർ എവർ എന്നിവയുൾപ്പെടെ 85 പുസ്തകങ്ങൾ രചിച്ച മഞ്ചിന് 2021-ലാണ് ഡിമെൻഷ്യ സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ പാർക്കിൻസൺസ് രോഗവും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഈ അസുഖങ്ങളെ തുടർന്നാണ് ദയാവധം എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്. ദയാവധത്തിന് അനുമതി തേടിയെങ്കിലും മരിക്കാൻ ഒരു തീയതി നിശ്ചയിച്ചിട്ടില്ലെന്നും സംസാരിക്കുന്നതിനും ആളുകളോട് ഇടപെടുന്നതിനും ബുദ്ധിമുട്ടുണ്ടാകുമ്പോൾ, അതേപ്പറ്റി ആലോചിയ്ക്കുമെന്നുമാണ് 80-കാരനായ റോബർട്ട് മഞ്ച് ന്യൂയോർക്ക് ടൈംസ് മാഗസിനോട് പറഞ്ഞത്.
ലൂ ഗെറിഗ്സ് രോഗം ബാധിച്ച തൻ്റെ സഹോദരന്റെ മരണം നേരിൽ കണ്ടതാണ് തന്നെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും മഞ്ച് പറഞ്ഞു. നോർത്ത് അമേരിക്കയിൽ മാത്രം 80 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രചയിതാവാണ് റോബർട്ട് മഞ്ച്. അറബിക്, സ്പാനിഷ് എന്നിവയുൾപ്പെടെ കുറഞ്ഞത് 20 ഭാഷകളിലേക്ക് അവ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 1999 -ൽ ‘ഓർഡർ ഓഫ് കാനഡ’ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചിന് ഒരു പതിറ്റാണ്ടിനുശേഷം ‘കാനഡ വാക്ക് ഓഫ് ഫെയിം’ പുരസ്കാരവും ലഭിച്ചിരുന്നു.
മെഡിക്കൽ സഹായത്തോടെയുള്ള മരണം തിരഞ്ഞെടുക്കാനുള്ള തന്റെ പിതാവിൻ്റെ തീരുമാനം അഞ്ച് വർഷം മുമ്പെടുത്തതാണെന്ന് മഞ്ചിന്റെ മകൾ ജൂലി ഫേസ്ബുക്കിൽ പറയുന്നു. അതേസമയം, ‘ന്യൂയോർക്ക് ടൈംസ് മാഗസിനിലെ അഭിമുഖം മികച്ചതാണ്, പക്ഷേ, തന്റെ പിതാവിന് സുഖമില്ലെന്നോ, അല്ലെങ്കിൽ അദ്ദേഹം ഉടൻ തന്നെ മരിക്കാൻ പോകുകയാണെന്നോ അതിൽ ഒരിടത്തും പറയുന്നില്ല’ എന്നും ജൂലി പറയുന്നു. ‘മെഡിക്കൽ സഹായത്തോടെയുള്ള മരണത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള റോബർട്ടിന്റെ തീരുമാനം റോബർട്ടിന്റെ കൃതികൾ എന്തുകൊണ്ടാണ് വിവിധ തലമുറകളെ സ്വാധീനിയ്ക്കുന്നത് എന്നതിനെക്കുറിച്ച് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു’ എന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ സ്കോളാസ്റ്റിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ദയാവധം
2016-ലാണ് കാനഡയിൽ ഗുരുതരമായ അസുഖങ്ങളുള്ള ആളുകൾക്ക് ദയാവധം നിയമവിധേയമാക്കുന്നത്. 2021-ൽ ഗുരുതരവും ദീർഘകാലമായതുമായ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കുകൂടി ദയാവധത്തിന് അനുമതി നൽകി നിയമം ഭേദഗതി ചെയ്തു. എന്നാൽ, അപ്പോഴും 18 വയസ്സിന് മുകളിലുള്ളവർക്ക് വൈദ്യസഹായത്തോടെയുള്ള മരണത്തിന് അർഹത ലഭിക്കുന്നതിന് നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഗുരുതരവും ചികിത്സയില്ലാത്തതുമായ രോഗം ഉണ്ടായിരിക്കുക, പുറത്തുനിന്നുള്ള സമ്മർദ്ദമില്ലാതെ സ്വമേധയായുള്ള അപേക്ഷ നൽകുക എന്നിവയെല്ലാം അതിൽ പെടുന്നു.
ഈ യോഗ്യതാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രണ്ട് സ്വതന്ത്ര ഡോക്ടർമാരോ നഴ്സ് പ്രാക്ടീഷണർമാരോ രോഗിയെ വിലയിരുത്തണം. ഏറ്റവും പുതിയ കണക്കനുസരിച്ച് 2023 -ൽ കാനഡയിൽ നടന്ന മരണങ്ങളിൽ 4.7% -വും വൈദ്യസഹായത്തോടെയുള്ള മരണങ്ങളാണ്. 2023 -ൽ വൈദ്യസഹായത്തോടെയുള്ള മരണം തിരഞ്ഞെടുത്ത 15,300 പേരിൽ 96% പേരും കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ കാരണം മരണം അടുത്തുവെന്ന് കണക്കാക്കാവുന്ന അവസ്ഥയിലുള്ളവരായിരുന്നു.