വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പതിനാലുകാരിയില്‍ നിന്ന് അഞ്ചര പവൻ സ്വര്‍ണാഭരണം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യ പ്രതി മഹമ്മദ് അജ്മലിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മല്‍ പിതാവ് സ്വര്‍ണ വ്യാപാരിയാണെന്നും പുതിയൊരു മാല പണിയിച്ച് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയുടെ അമ്മയുടെ മാല കൈക്കലാക്കുകയായിരുന്നു.
അജ്മലും മനോജും പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുവർക്കുമെതിരെ സ്വരണാഭരണം തട്ടിയെടുത്തതിനൊപ്പം പോക്സോ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്നാപ്ചാറ്റ് വഴിയാണ് ഒന്നാം പ്രതി ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മൽ പെൺകുട്ടിയുമായി അടുക്കുന്നത്. കഴിഞ്ഞ ജൂലൈ നാലിനാണ് ഇയാൾ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കിയ യുവാവുമായി പെൺകുട്ടി അടുത്തു. ഇയാൾ കുട്ടിയുടെ നഗ്ന ചിത്രങ്ങളും ചോദിച്ച് വാങ്ങിയിരുന്നു.
പിന്നീട് തന്റെ പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും വാഗ്ദാ മുഹമ്മദ് അജ്മല്‍ നല്കി. തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു.
പ്രതി പിന്നീട് സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി. മാലയുമായി കടന്നു കളഞ്ഞ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അജ്മല്‍ കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു.