ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ

India vs Bangladesh - Asia Cup

ദുബായ്: സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന്‌ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ. ലീഗ് സ്റ്റേജിലും സൂപ്പർ ഫോറിലും തോൽവി അറിയാതെയാണ് ഇന്ത്യയുടെ ജൈത്രയാത്ര.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗോടെയാണ് ഇന്ത്യ തുടങ്ങിയത്. 37 പന്തിൽ നിന്നും 202.7 സ്ട്രൈക്ക് റേറ്റിൽ 75 റൺസ് ശർമ്മ അടിച്ചുകൂട്ടി.

ആദ്യ വിക്കറ്റ് പാർട്ണർഷിപ്പിൽ ഗില്ലും ശർമയും ചേർന്ന് 77 റൺസ് നേടി. 19 ബോളിൽ നിന്നും 29 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. തുടർന്ന് ക്രീസിലെത്തിയ ശിവം ദൂബെ ഇത്തവണയും നിരാശപ്പെടുത്തി. 3 ബോളിൽ 2 റൺസ് മാത്രമാണ് ദൂബെയ്ക്ക് നേടാനായത്.

സൂര്യകുമാർ യാദവ് 5(11), ഹാർദ്ദിക്ക് പാണ്ട്യ 38(29), തിലക് വർമ്മ 5(7), അക്ഷർ പട്ടേൽ 10*(15) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവനകൾ.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്‌ രണ്ടാമത്തെ ഓവറിൽ രണ്ടാം ബോളിൽ തന്നെ ഓപ്പണർ തൻസീദ് ഹസന്റെ 1(3) വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായ ബംഗ്ലാദേശിന്‌ 19.3 ഓവറിൽ 127 റൺസ് മാത്രമാണ് നേടാനായത്.

ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ ആകെ രണ്ട് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഓപ്പണർ സൈഫ് ഹസ്സൻ 69(51), പർവേസ് ഹൊസൈൻ എമോൺ 21(19) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങൾ.

കുൽദീപ് യാദവ് 3 വിക്കറ്റ് നേടി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ബുമ്രയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റുകൾ വീതവും അക്ഷർ പട്ടേലും തിലക് വർമ്മയും ഓരോ വിക്കറ്റുകളും നേടി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ബാറ്റിംഗിന് അവസരം ലഭിക്കാതെ സഞ്ജു സാംസൺ

ഇന്ത്യൻ ഓപ്പണർ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ അടുത്തതായി സൂര്യകുമാർ യാദവോ സഞ്ജു സാംസണോ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ക്രീസിലെത്തിയത് ശിവം ദൂബെയാണ്. ദൂബെയുടെ വിക്കറ്റ് നഷ്ടമായപ്പോൾ സൂര്യ ബാറ്റിംഗിനെത്തി. ശേഷം അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലെത്തിയത് ഹാർദ്ദിക്ക് പാണ്ട്യ ആയിരുന്നു. ശേഷം തിലക് വർമയും ക്രീസിലെത്തി.

എല്ലാവരെയും ഞെട്ടിച്ചത്, സഞ്ജുവിന് മുന്നേ ക്രീസിലെത്തിയ അക്ഷർ പട്ടേലിനെ കണ്ടായിരുന്നു. അവസാന പന്തിൽ പാണ്ട്യ പുറത്താകുന്നത് വരെ സഞ്ജു ക്രീസിൽ എത്തിയതുമില്ല. സഞ്ജുവിന് അവസരം നിഷേധിച്ചതിനെതിരെ ധാരാളം ആരാധകർ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലെത്തി.

ഫൈനലിൽ ആര്?

സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ ഫൈനൽ സ്വപ്‌നങ്ങൾ അസ്തമിച്ചു. ഇന്ന് നടക്കുന്ന പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിൽ വിജയിക്കുന്ന ടീം 28ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.

ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ ടൂർണമെന്റിൽ മൂന്നാം തവണയാകും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നടക്കുക. ടൂർണമെന്റിൽ ഇരു ടീമുകളിൽ ഏറ്റുമുട്ടിയ രണ്ട് അവസരങ്ങളിലും പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി.

26ന് ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പർ ഫോറിലെ അവസാന മത്സരവും അതാണ്.

മറുപടി രേഖപ്പെടുത്തുക